കേരളത്തെ വീണ്ടും ആശങ്കയിലാക്കി നിപ്പ ഭീതി പരക്കുകയാണ്. കൊച്ചിയിൽ പനി ബാധിച്ച് ചികിൽസയിൽ കഴിയുന്ന യുവാവിന് നിപ്പയാണെന്ന് സംശയം ശക്തമായതോടെ അടിയന്തര ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം തന്നെ കൊച്ചിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. കേരളം ഒരുമിച്ച് നിൽക്കുമ്പോൾ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. കേന്ദ്രം കേരളത്തിന് വൈറോളജി ലാബ് തുടങ്ങാനുള്ള പണം അനുവദിച്ചിട്ടും ഇതുവരെ നടപ്പിലാക്കിയില്ലെന്ന വിമർശനമാണ് സുരേന്ദ്രൻ ഉയർത്തുന്നത്. നിപ്പ ഭീതി വീണ്ടും ഉയരുമ്പോൾ ഫലം കിട്ടാനായി കേരളം പൂനയിലെ വൈറോളജി ലാബിൽ നിന്നുള്ള സ്ഥിരീകരണം കാത്തിരിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.

‘കേരളം നമ്പർ വൺ എന്ന് വെറുതെ പറഞ്ഞതുകൊണ്ടായില്ല വർത്തമാനകാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ കഠിനാധ്വാനവും വേണം. ഇവിടെയാണ് മോദിയും ടീമും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാവുന്നത്.’ സുരേന്ദ്രൻ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: 

കൊച്ചിയിലെ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒരു രോഗിക്ക് നിപ്പാ വൈറസ് ബാധയാണോ എന്ന് സംശയമുണ്ടെന്ന ആരോഗ്യവകുപ്പിന്റെ വെളിപ്പെടുത്തൽ പൊതുജനങ്ങൾക്കിടയിൽ വലിയ ഭീതി പരത്തിയിരിക്കുകയാണ്. പൂനയിലെ വൈറോളജി ലാബിൽ നിന്നുള്ള സ്ഥിരീകരണം കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ‌നോടൊപ്പം പൊതുജനങ്ങളും. കേരളത്തിൽ സമഗ്രമായ ഒരു വൈറോളജി ലാബ് തുടങ്ങാനുള്ള അനുമതിയും അതിനായുള്ള മൂന്നര കോടി രൂപയും കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിന് ലഭിച്ചിട്ട് അഞ്ചു വർഷം തികയുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ലാബ് തുടങ്ങാൻ തീരുമാനിച്ചത്. എന്നാൽ അതിനുള്ള ഒരു നടപടിയും കേരളത്തിലെ ആരോഗ്യവകുപ്പിന് ഇതുവരെ പൂർത്തീകരിക്കാനായിട്ടില്ല. യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് നൽകാത്തതിന്റെ പേരിൽ രണ്ടു വർഷം പണം മുടങ്ങുകയും ചെയ്തു. എല്ലാ വർഷവും ഈയാവശ്യത്തിന് പണം അനുവദിക്കുന്നതുമാണ്. നമുക്ക് സ്വന്തമായി ഒരു വൈറോളജി ലാബുണ്ടെങ്കിൽ രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും അതെത്രമാത്രം പ്രയോജനപ്പെടുമെന്ന് പറയേണ്ടതില്ലല്ലോ. കേരളം നമ്പർ വൺ എന്ന് വെറുതെ പറഞ്ഞതുകൊണ്ടായില്ല വർത്തമാനകാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ കഠിനാധ്വാനവും വേണം. ഇവിടെയാണ് മോദിയും ടീമും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാവുന്നത്.