school-reopening

ഒന്നു മുതല്‍ 12 വരെ ക്ളാസുകള്‍ ഒരേദിവസം തുറക്കുന്നു എന്ന പ്രത്യേകതയുമായി നാളെ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക്. നാല്‍പ്പത്തി അയ്യായിരം ക്ളാസ് മുറികള്‍ ഹൈടെക് ആക്കിയതുള്‍പ്പെടെയുള്ള വികസന പദ്ധതികളാണ് സ്കൂളുകളില്‍ പൂര്‍ത്തിയാകുന്നത്. അതേസമയം  ഖാദര്‍കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലെ പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രതിപക്ഷം പ്രവേശനോത്സവ പരിപാടികള്‍ ബഹിഷ്ക്കരിക്കും. 

മുപ്പത്തിഏഴ് ലക്ഷം വിദ്യാര്‍ഥികളാണ് വിദ്യാലയങ്ങളിലേക്ക് എത്തുന്നത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിലായി ഒരുലക്ഷത്തി അറുപതിനായിരം കുട്ടികളാണ് ഒന്നാം ക്ളാസ് പ്രവേശനത്തിനായി രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.  ഒന്നു മുതല്‍ 12 വരെ ക്ളാസുകള്‍ ഒരേദിവസം ആരംഭിക്കുന്നതിനാല്‍, വിപുലമായ ഒരുക്കങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, അറ്റകുറ്റപ്പണികള്‍ എന്നിവ പൂര്‍ത്തിയായി വരുന്നു. സംസ്ഥാനത്തെ 1500 സ്കൂളുകളില്‍ വിപുലമായ അടിസ്ഥാന സൗകര്യവികസനം നടപ്പാക്കിയതായി വിദ്യാഭ്യാസ വകുപ്പ് പറയുന്നു. 141 സ്കൂളുകളില്‍ അഞ്ച് കോടി രൂപവീതം നല്‍കി. 395 സ്കൂളുകളില്‍ മൂന്ന് കോടിയും 444 സ്കൂളുകളില്‍ ഒരുകോടിയും വീതം ചെലവഴിച്ചു.  പുതിയ ലാപ്ടോപുകള്‍, പ്രൊജക്ടറുകള്‍, ബ്രോഡ്ബാന്‍ഡ് സൗകര്യം എന്നിവയിലൂടെ 45000 ക്ളാസ് മുറികള്‍ ഹൈടെക്ക് ആക്കി. ഒന്നു മുതല്‍ 12 വരെ ക്ളാസുകള്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് എഡ്യുക്കേഷന് കീഴില്‍കൊണ്ടുവരുന്നു എന്ന പ്രത്യേകതയും ഈ അക്കാദമിക വര്‍ഷത്തിനുണ്ട്. 

അതേസമയം ഹൈസ്കൂള്‍, ഹയര്‍സെക്കഡറി ലയനം വേണ്ട ആലോചനയില്ലാതെയാണെന്ന് ആരോപിച്ച് പ്രവേശനോത്സനവത്തില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുകയാണ്.