endosulfan-new

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സര്‍ക്കാര്‍ പട്ടികയില്‍ പുതുതായി 511 പേരെ ഉള്‍പ്പെടുത്തി. ദുരിതബാധിതരുടെ പുനരധിവാസത്തിനുള്ള സെല്‍ യോഗത്തിലാണ് തീരുമാനം. 18 വയസ്സില്‍ താഴെയുള്ളവരെയാണ് പട്ടികയില്‍ കൂട്ടിച്ചേര്‍ത്തത്. കൂടുതല്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കാനും തീരുമാനമായി

രണ്ടുവര്‍ഷം മുമ്പാണ് അവസനമായി മെഡിക്കല്‍ ക്യാംപ് നടന്നത്. 1905 പേരുടെ പട്ടിക വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം സര്‍ക്കാരിന് സമര്‍പ്പിച്ചു. ഇതില്‍ നിന്ന് രണ്ടു ഘട്ടമായി 363 പേര്‍ മാത്രമാണ് ദുരിതബാധിതരുടെ അന്തിമ പട്ടികയില്‍ ഇതുവരെ ഇടം നേടിയത്. ഇരകളുടേയും, കുടുംബാംഗങ്ങളുടേയും പ്രതിക്ഷേധം കണക്കിലെടുത്താണ് പട്ടിക പുനപ്രസിദ്ധികരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കൂട്ടിച്ചേര്‍ക്കല്‍. കൂടുതല്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി ഈ മാസം 25 മുതല്‍ ജൂലൈ ഒമ്പത് വരെ കാസര്‍കോട് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ക്യാമ്പ് സംഘടിപ്പിക്കും. മുമ്പ് ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഈ ക്യാമ്പുകളില്‍ പങ്കെടുക്കാം.

പുനരധിവാസ ഗ്രാമത്തിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. പുനരധിവാസ പദ്ധതിക്ക് വേഗം പോരെന്ന ആക്ഷേപം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. 

ഇരകളുടെ  കടങ്ങള്‍ എഴുതിത്തള്ളുന്നതിനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ചയായി.  മൂന്ന് ലക്ഷം വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളും. അതേസമയം മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്ത മുഴുവന്‍ പേരേയും സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പീഡിത ജനകീയ മുന്നണി.