ഞാനൊരു സാധാരണക്കാരിയാണു കേട്ടോ. ചില വാർ‍ത്തകളിൽ കാണുന്നതുപോലെ ഭീകരിയൊന്നുമല്ല’ – ഇന്നു രാവിലെ 10നു ചുമതലയേൽക്കുന്ന കലക്ടർ ഡോ. അദീല അബ്ദുല്ല ആലപ്പുഴയോടു പറയുന്ന വാക്കുകളാണ്. ആലപ്പുഴ അത്ര പരിചയമുള്ള സ്ഥലമല്ല. ചില പരിചയക്കാരുണ്ട്. അവരെ കാണാൻ എല്ലാ വർഷവും വരാറുണ്ട്. അത്ര മാത്രം.

 

സ്ഥലം മാറിപ്പോകുന്ന കലക്ടർ എസ്.സുഹാസിന്റെ സിവിൽ സർവീസ് ബാച്ചുകാരിയാണ് അദീലയും. 2012ൽ ചേർന്നവർ. ഇരുവരും തുടക്കത്തിൽ എറണാകുളം ജില്ലയിൽ പ്രവർത്തിച്ചിട്ടുമുണ്ട്. പുതിയ കലക്ടറുടെ സർവീസിൽ മറ്റൊരു പ്രത്യേകതയുണ്ട്. ഇതുവരെ ജോലി ചെയ്തതെല്ലാം തീരമേഖലയിൽ. ആലപ്പുഴയും തീരദേശ ജില്ല. മുൻപു ജോലി ചെയ്തതു ഫോർട്ട് കൊച്ചിയിലും തിരൂരിലും സബ് കലക്ടർ, കണ്ണൂർ അസിസ്റ്റന്റ് കലക്ടർ ചുമതലകളിലാണ്.

 

 

ഡോക്ടറുടെ ജോലിയെക്കാൾ വിശാലമായ ലോകമാണെന്നു കണ്ടാണു സിവിൽ സർവീസ് പരീക്ഷയെഴുതിയതെന്ന് അദീല ഒരു ടിവി ഷോയിൽ പറഞ്ഞിരുന്നു. 4 മാസത്തോളമായിരുന്നു സിവിൽ സർവീസ് പരീക്ഷാ പരിശീലനം. ഡോക്ടറായി ജോലി ചെയ്യുന്നതിനിടയിലാണത്. തീരുമാനമെടുക്കാനുള്ള കരുത്തും കാര്യങ്ങൾ വിശകലനം ചെയ്യാനുള്ളൊരു മനസ്സുമുണ്ടെങ്കിൽ സിവിൽ സർവീസ് മികച്ച രംഗമാണ്. കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയാണ് അദീല അബ്ദുല്ല. ഭർത്താവ് ഡോ. റബീ പെരിന്തൽമണ്ണ സ്വദേശി. ഏറ, ഹെയ്സൺ എന്നിവർ മക്കൾ.