നമ്പർ തിരുത്തി സമ്മാനാർഹമായ ഭാഗ്യക്കുറി എന്ന വ്യാജേന ലോട്ടറി വിൽപനക്കാരിക്കു നൽകി പണവും ഭാഗ്യക്കുറിയും രണ്ടംഗസംഘം തട്ടിയെടുത്തു. ഇവർ തട്ടിപ്പിലൂടെ കൈക്കലാക്കിയ ഭാഗ്യക്കുറി ടിക്കറ്റുകൾക്ക് 35,500 രൂപ സമ്മാനം ലഭിച്ചു. കാൽനടയായി ഭാഗ്യക്കുറി വ്യാപാരം നടത്തുന്ന കല്ലുവാതുക്കൽ നടയ്ക്കൽ സ്വദേശി റോസിലിയുടെ പക്കൽ നിന്നാണ് ബൈക്കിൽ എത്തിയ സംഘം1400 രൂപയുടെ ഭാഗ്യക്കുറി ടിക്കറ്റുകളും 600 രൂപയും കബളിപ്പിച്ചു കൈക്കലാക്കിയത്.

 

ഇന്നലെ രാവിലെ 10നു കല്ലുവാതുക്കൽ ജംക്‌ഷനു സമീപം വച്ചാണ് റോസിലി തട്ടിപ്പിന് ഇരയായത്. 2000 രൂപയുടെ സമ്മാനം ലഭിച്ചതായി പറഞ്ഞു ബൈക്കിന്റെ പിന്നിലിരുന്ന യുവാവ് ടിക്കറ്റ് റോസിലിക്കു നൽകി. നമ്പർ പരിശോധിച്ചപ്പോൾ ശരിയാണെന്നു ബോധ്യപ്പെട്ടു. 1400 രൂപയ്ക്ക് 35 ടിക്കറ്റുകൾ എടുത്ത ശേഷം 600 രൂപ വാങ്ങി. പണവും ടിക്കറ്റും ലഭിച്ചതോടെ തിരുവനന്തപുരം ഭാഗത്തേക്കു സംഘം പോയി. റോസിലി കല്ലുവാതുക്കൽ ജംക്‌ഷനിൽ‌ എത്തിയപ്പോൾ മറ്റൊരു ലോട്ടറി വിൽപനക്കാരൻ തന്നെ കബളിപ്പിച്ചു പണം തട്ടിയ കാര്യം പറഞ്ഞു.

 

 

സംശയം തോന്നി ഭാഗ്യക്കുറി പരിശോധിച്ചപ്പോഴാണ് തലേ ദിവസത്തെ തട്ടിപ്പിന്റെ സമാന രീതിയിൽ നമ്പർ ചുരണ്ടി എഴുതിയതാണെന്നു ബോധ്യപ്പെട്ടത്. സംഘം കബളിപ്പിച്ചെടുത്തതിൽ 7 ടിക്കറ്റിനു 5000 രൂപ വീതവും ഒരു ടിക്കറ്റിനു 500 രൂപയും സമ്മാനം ഉണ്ടായിരുന്നു. റോസിലി പാരിപ്പള്ളി പൊലീസിൽ പരാതി നൽകി. 

 

ലോട്ടറി ടിക്കറ്റ് വിദഗ്ധമായി തിരുത്തിയാണു ചില്ലറ വിൽപനക്കാരിൽ നിന്നു പണം തട്ടുന്നത്. എഴിപ്പുറം സ്വദേശി സുനിത, പാരിപ്പള്ളിയിലെ മറ്റൊരു വയോധികൻ, കല്ലുവാതുക്കലിലെ ലോട്ടറി വിൽപനക്കാരൻ എന്നിവരിൽ‌ നിന്നും ആയിരം രൂപ വീതം രണ്ടു ദിവസം മുൻപ് ഇതേ രീതിയിൽ തട്ടിയെടുത്തിരുന്നു