മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ബി.ജെ.പിയിൽ ചേർന്നേക്കും.സംസ്ഥാനത്തെ മുതിർന്ന ആർ.എസ്.എസ് നേതാക്കളാണ് ഇദ്ദേഹത്തിന്റെ ബി.ജെ.പി പ്രവേശനത്തിന് ചുക്കാൻ പിടിക്കുന്നത് .ഡൽഹിയിലെത്തി ആർ.എസ്.എസ് നേതാക്കളെ ജേക്കബ് തോമസ് കണ്ടു.
ടി.പി.സെൻകുമാറിനു പിന്നാലെ ജേക്കബ് തോമസും ബി ജെ പിയിലേക്ക്. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെ നിർദേശ പ്രകാരം ഡൽഹിയിലെത്തി ആർ.എസ്.എസ് നേതാക്കളുമായി പ്രാഥമിക ചർച്ച നടത്തി.എന്നാൽ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളാരും ഇക്കാര്യം അറിഞ്ഞിട്ടില്ല. സർവീസിൽ നിന്നു സസ്പെൻഷനിലായ ജേക്കബ് തോമസ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്നു ട്വിന്റി-ട്വിന്റി സ്ഥാനാർഥിയാക്കുന്നതിനായി സ്വയം വിരമിക്കലിനു അപേക്ഷിച്ചെങ്കിലും സർക്കാർ ഫയൽ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിനു കൈമാറിയിട്ടില്ല. കേസുകളുടെ പൂർണ വിവരം ഡി.ജി.പിയോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതു കൂടി ലഭിച്ച ശേഷമേ കേന്ദ്ര സർക്കാരിനു കൈമാറുകയുള്ളൂ.
സർക്കാർ അനുവാദമില്ലാതെ സർവീസ് സ്റ്റോറിയെഴുതി ഔദ്യോഗിക രഹസ്യങ്ങൾ വെള്ളപ്പെടുത്തിയതിനും സർക്കാരിനെ വിമർശിച്ചതിനുമായിരുന്നു സസ്പെൻഷൻ.സംസ്ഥാന സർവീസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സസ്പെൻഷൻ കിട്ടിയ പൊലീസ് ഉദ്യോഗസ്ഥനും ജേക്കബ് തോമസാണ്.സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഡി ജി പി യായ ജേക്കബ് തോമസിനു 2021 വരെ സർവീസ് കാലാവധിയുണ്ട്.