kundara

ചുവപ്പുനാടയിൽ കുടുങ്ങി കുടിവെള്ള വിതരണ കരാറുകാരന്റെ ജീവിതവും. കഴിഞ്ഞ വേനൽക്കാലത്ത് കൊല്ലം എഴുകോൺ പഞ്ചായത്തിൽ കുടിവെള്ളം വിതരണം ചെയ്ത കരാറുകാരനാണ് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പഞ്ചായത്ത് കരാർ തുക നിഷേധിക്കുന്നത്. പ്രാദേശിക സിപിഎം നേത്യത്വം ആവശ്യപ്പെട്ട ഭീമമായ തുക പിരിവ് നൽകാത്തതാണ് അർഹമായ പണം തടഞ്ഞു വെയ്ക്കാൻ കാരണമെന്ന് കരാറുകാരൻ ആരോപിക്കുന്നു. 

പലതവണ പഞ്ചായത്ത് ഓഫിസിൽ കയറി ഇറങ്ങിയിട്ടും പണം ലഭിക്കാതെ വന്നതോടെയാണ് ഇടയ്ക്കിടം സ്വദേശിയായ രാജേഷ് ഭാര്യയ്ക്കും രണ്ടു പിഞ്ചു മക്കൾക്കുമൊപ്പം എഴുകോൺ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചത്. കഴിഞ്ഞ വേനൽക്കാലത്ത് എഴുകോൺ പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിനു കരാറെടുത്തത് രാജേഷായിരുന്നു. മുന്നു വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് മുടക്കം വരാതെ കുടിവെള്ളം വിതരണം ചെയ്തു. വാടക ഇനത്തിൽ ലഭിക്കേണ്ട എട്ടു ലക്ഷം രൂപയിൽ മൂന്നു ലക്ഷം രൂപ മാത്രമാണ് സി പി എം നേത്യത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതി ഇതുവരെ നൽകിയത്.

പ്രാദേശിക സി പി എം നേത്യത്വമാണ് ബില്ല് പാസാക്കാൻ തടസം നിൽക്കുന്നതെന്നും രാജേഷ് ആരോപിക്കുന്നു. വാഹനങ്ങളുടെ വാടകയിനത്തിൽ രാജേഷ് നൽകിയ കണക്കും ജിപിഎസ് റീഡിങും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.