kerala-police

തിരുവനന്തപുരം പൊലീസ് സഹകരണസംഘം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അനുകൂല പാനലിന് വന്‍വിജയം. പൊലീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.എസ്. ബൈജു ഉള്‍പ്പെടെ സി.പി.എം പാനലിലെ എല്ലാവരും പരാജയപ്പെട്ടു. ജി.ആര്‍. അജിത് സംഘം പ്രസിഡന്റാവും.

 

ഭരിക്കുന്നവരെ അനുകൂലിക്കുന്നവര്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതാണ് പൊലീസ് സംഘടനകളിലെ പതിവ് രീതി. ആ ചരിത്രം തിരുത്തിക്കുറിച്ചാണ് കോണ്‍ഗ്രസ് അനുകൂല സംഘം വന്‍വിജയം നേടിയിരിക്കുന്നത്. പൊലീസുകാരുടെ ക്ഷേമത്തിനായി സഹകരണ വകുപ്പിന്റെ കീഴില്‍ റജിസ്റ്്റര്‍ ചെയ്തിരിക്കുന്നതാണ് പൊലീസ് സഹകരണ സംഘം. ഈ സംഘത്തിലെ പതിനൊന്ന് സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റും കോണ്‍ഗ്രസ് പാനല്‍ നേടി. നാലായിരത്തി ആറ് വോട്ട് പോള്‍ ചെയ്തപ്പോള്‍ ശരാശരി 2300 വോട്ട് നേടിയാണ് കോണ്‍ഗ്രസ് പാനലിന്റെ വിജയം. 

 

സി.പി.എം പാനലില്‍ മല്‍സരിച്ച, നിലവിലെ പൊലീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.എസ്.ബൈജു ഉള്‍പ്പെടെ പ്രമുഖരെല്ലാം തോറ്റു. സംഘത്തിന്റെ രൂപീകരണം മുതല്‍ ഭരിച്ചിരുന്നകോണ്‍ഗ്രസ് അനുകൂല ഭരണസമിതിയെ 2017ല്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു. ഈ അഡ്മിനിസ്ട്രേറ്ററെ ഉപയോഗിച്ച് സി.പി.എം തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നൂവെന്ന ആരോപണം മൂലം സംഘര്‍ഷമുണ്ടായിരുന്നു. ഹൈക്കോടതി നിരീക്ഷണത്തിലും കര്‍ശന സുരക്ഷയിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. സംഘര്‍ഷത്തില്‍ കുറ്റക്കാരെന്ന് കണ്ട് പൊലീസ് സസ്പെന്‍ഡ് ചെയ്തവരാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കുന്നത്.