തോമസ് ചാണ്ടി എം.എല്‍.എ പങ്കാളിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി ആലപ്പുഴ നഗരസഭയില്‍ 34 ലക്ഷം രൂപ പിഴയടച്ചു. ലേക്പാലസ് റിസോര്‍ട്ടിലെ അനധികൃത നിര്‍മാണം, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങള്‍ക്കാണ് പിഴയടച്ചത്. നഗരസഭ ചുമത്തിയതിനേക്കാള്‍ കുറഞ്ഞ തുക അടച്ചാല്‍മതിയെന്ന സര്‍ക്കാര്‍ ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു നടപടികള്‍. 

രണ്ടുതവണ നഗരസഭാ കൗണ്‍സിലിനും രണ്ടുതവണ സര്‍ക്കാര്‍ ഉത്തരവിനും ഇടയില്‍ കുടുങ്ങിയ പിഴത്തുകയാണ് വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി പൊടുന്നനെ അടച്ച് തടിയൂരിയത്. നഗരസഭയുടെ പരിശോധനയില്‍ ഒരുകോടി 17 ലക്ഷത്തി എഴുപത്തി എട്ടായിരത്തി അറുനൂറ്റി അന്‍പത്തിനാല് രൂപയാണ് റിസോര്‍ട്ട് ഉടമകള്‍ അടക്കേണ്ടിയിരുന്നത്. തദ്ദേശവകുപ്പ് നേരിട്ട് നടത്തിയ പരിശോധനപ്രകാരം 34 ലക്ഷം മാത്രവും.

സര്‍ക്കാര്‍ ഉത്തരവിനെ നഗരസഭ തള്ളുകയും വിയോജിപ്പ് അറിയിക്കുകയും ചെയ്തതോടെ ഇന്നലെ അഡിഷണല്‍ ചീഫ് സെക്രട്ടറി പുതിയ ഉത്തരവ് ഇറക്കി. ഇതുപ്രകാരം സര്‍ക്കാര്‍ കണക്കാക്കിയ നികുതിയും പിഴയും ഈടാക്കിയാല്‍ മതിയെന്നും റിസോര്‍ട്ടിന്റെ ലൈസന്‍സ് രണ്ടുമാസത്തേക്ക് താല്‍കാലികമയി പുതുക്കി നല്‍കണമെന്നും മുനിസിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം വന്നു. തോമസ് ചാണ്ടിയെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് നഗരസഭ ആവര്‍ത്തിച്ചു.

നഗരസഭാ കൗണ്‍സില്‍ ചൊവ്വാഴ്ച ചേര്‍ന്ന് പുതിയ ഉത്തരവിനെതിരായി എന്തെങ്കിലും തീരുമാനം എടുക്കും മുന്‍പ്, പിഴത്തുക നേരത്തെ അടച്ച് പ്രശ്നം അവസാനിപ്പിക്കാനാണ് വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി ശ്രമിച്ചത്.