വീണ്ടും കരുണയുടെ കൈനീട്ടി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. നാട്ടികയിൽ 50 കുടുംബങ്ങൾക്കായി ഫ്ലാറ്റ് സമുച്ചയം നിർമിച്ച് നൽകുമെന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രഖ്യാപനം. നാട്ടിക ബീച്ചിൽ കുട്ടികളുടെ പാർക്കും നിർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രാമപഞ്ചായത്ത് സ്ഥലം അനുവദിച്ചാൽ ഉടൻ നിർമ്മാണം തുടങ്ങും. നാട്ടികയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടത്തിയ ചർച്ച ‘ഉന്നം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എ.യൂസഫലി. 

 

നാട്ടിക ഗ്രാമ പഞ്ചായത്തും പഞ്ചായത്ത് ആസൂത്രണസമിതിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ആസൂത്രണ സമിതി വൈസ് ചെയർമാൻ അനിൽ പുളിക്കൽ ഉന്നത്തെകുറിച്ച് വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വിനു അധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എംപി, ഗീതാഗോപി എംഎൽഎ എന്നിവർ പ്രസംഗിച്ചു.