കേരളത്തിലെ ഏക ഐഐടിയുടെ പാലക്കാട് ക്യാംപസിൽ നിന്ന് ആദ്യ ബാച്ച് വിദ്യാർഥികൾ പഠനം പൂർത്തിയാക്കി. നൂറ്റിയൊന്ന് വിദ്യാർഥികളുടെ  ബിരുദദാന ചടങ്ങ് നാളെ. അറുപത്തിനാലു പേർക്ക് ക്യാംപസ് റിക്രൂട്ട്മെന്റിലൂടെ ജോലി ഉറപ്പായെന്ന് ഡയറക്ടർ അറിയിച്ചു.

നാളെ വൈകിട്ട് 4ന് കഞ്ചിക്കോട്ടെ ഐഐടി ക്യാംപസിലാണ്  ബിരുദദാന ചടങ്ങ്. ആദ്യ ബാച്ചിലെ 101 ബിടെക് വിദ്യാർഥികളും ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ രണ്ടു പേരുമാണ് പുറത്തിറങ്ങുന്നത്.  ഇതിൽ 12 പേർ മലയാളികളാണ്. ഡിആർഡിഒ ചെയർമാൻ ഡോ. ജി സതീഷ് റെഡ്ഡി ചടങ്ങിൽ മുഖ്യാതിഥിയാവും. വിദ്യാർഥികളിൽ 64 പേർക്ക് ക്യാമ്പസ് റിക്രൂട്ട്മെന്റിലൂടെ ജോലി ഉറപ്പായി. 57 പേർ ജോലി സ്വീകരിച്ചതായി ഐഐടി ഡയറക്ടർ പറഞ്ഞു.

നാലു വർഷം മുൻപാണ്  ഐഐടിയുടെ പാലക്കാട് ക്യാംപസ് തുടങ്ങിയത്. നിലവിൽ അഹല്യയിലും, കഞ്ചിക്കോട്ടെ ട്രാൻസിസ്റ്റ് ക്യാമ്പസിലുമായാണ് ഐഐടിയുടെ പ്രവർത്തനം.