സ്വകാര്യ ബസുകള്‍ ട്രിപ്പ് മുടക്കി സ്കൂള്‍ ബസായി സര്‍വീസ് നടത്തുന്നത് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിഞ്ഞിട്ടും നടപടിയെടുത്തില്ല. കുട്ടികളുടെ യാത്രാദുരിതം സംബന്ധിച്ച് പരാതി അറിയിച്ചെങ്കിലും ലൈന്‍ ബസുകളാണെങ്കില്‍ ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു മറുപടി. പരിശോധനയ്ക്കെത്തുന്ന വിവരം കൃത്യമായി ബസുടമകളെ അറിയിക്കുന്ന രീതിയും നിലവിലുണ്ടെന്നാണ് ആക്ഷേപം. മനോരമ ന്യൂസ് അന്വേഷണം തുടരുന്നു.
സ്വകാര്യ സ്കൂള്‍ ബസ് യാത്രയില്‍ കുട്ടിക്കുണ്ടായ ബുദ്ധിമുട്ട് രക്ഷിതാവെന്നറിയിച്ച് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനോട് ഫോണില്‍ പറഞ്ഞു. രേഖാമൂലം പരാതിയില്ലാതെ നടപടിയെടുക്കാനാകില്ലെന്നായിരുന്നു മറുപടി.
ആളെക്കയറ്റാന്‍ മാത്രം അനുമതി നല്‍കിയ ഉദ്യോഗസ്ഥനാണ് ബസിന്റെ നിയമലംഘനം പരിശോധിക്കാന്‍ കഴിയില്ലെന്നറിയിച്ചത്. പരിശോധനയ്ക്ക് അടുത്തദിവസം ഉദ്യോഗസ്ഥരെത്തുന്നുണ്ടോ എന്നും ഞങ്ങള്‍ നിരീക്ഷിച്ചു. ഒന്നും സംഭവിച്ചില്ല. ഇതിന് പുറമെയാണ് യാത്രക്കാര്‍ കുറവെന്ന കാരണം നിരത്തി രാത്രികാലങ്ങളില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുന്നത്. നാട്ടുകാര്‍ പരാതി ആവര്‍ത്തിച്ചാല്‍ ചിലര്‍ സര്‍വീസ് പുനരാരംഭിക്കും. ഉദ്യോഗസ്ഥരുടെ ശ്രദ്ധ കുറയുന്നതോടെ വീണ്ടും നിയമലംഘനങ്ങള്‍ തുടരുന്ന സാഹചര്യമാണുള്ളത്.