മലയിറങ്ങിെയത്തിയ ദുരന്തം ഒരു നിമിഷം കൊണ്ട് മണ്ണിനടിയിലാക്കിയത് ഒു ജനതയെ തന്നെയാണ്. പുത്തുമലയില്‍ ഉരുള്‍പൊട്ടിയ സ്ഥലത്തിന്റെ പഴയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. ദുരന്തത്തില്‍ മേപ്പാടി പുത്തുമലയില്‍ നൂറേക്കറോളം സ്ഥലം ഒലിച്ചുപോയി. നാലു മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതിൽ ഒരു കുട്ടിയും ഒരു സ്ത്രീയും 2 പുരുഷൻമാരുമാണ്. ഒരു പുരുഷൻ തമിഴ്നാട് സ്വദേശിയാണ്. ഇടക്കിടെ മണ്ണിടിയുന്നത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. തിരച്ചിലിന് സൈന്യം രംഗത്തിറങ്ങി. 

പതിനഞ്ചോളം പേരെ കാണാനില്ലെന്ന് പള്ളി വികാരി ഫാ.വില്യംസ് പറഞ്ഞു. രക്ഷാനടപടികള്‍ കാര്യക്ഷമമല്ലെന്ന് സിപിഎം ജില്ലാസെക്രട്ടറി പി.ഗഗാറിന്‍ പറഞ്ഞു. കൂടുതല്‍ ആളുകളും മണ്ണുമാന്തിയന്ത്രങ്ങളും വേണമെന്നും ഗഗാറിന്‍ ആവശ്യപ്പെട്ടു.

ഈരാറ്റുപേട്ടയിലും ഉരുള്‍പൊട്ടി, നദികളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നു. ഇതിനിടെ കേന്ദ്ര ജല കമ്മിഷന്‍ കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. മൂന്നാറും മാങ്കുളവും മറയൂരും കോഴിക്കോട് തെങ്ങിലക്കടവും അട്ടപ്പാടിയും പൂര്‍ണമായി ഒറ്റപ്പെട്ടു. ഭവാനി, ശിരുവാണി, വരഗാര്‍ പുഴകള്‍ കരകവിഞ്ഞു. 

റോഡും വൈദ്യുത ബന്ധങ്ങളും തകര്‍ന്നു. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വ്യാപകമാണ്. റണ്‍വേയില്‍ വെള്ളംകയറിയതിനെത്തുടര്‍ന്ന്  തടസപ്പെട്ട  നെടുമ്പാശേരി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമം ഊര്‍ജിതമായി. സംസ്ഥാനത്ത് എല്ലാ ജില്ലകളില്‍   വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കനത്തമഴയും വെള്ളപ്പൊക്കവും റെയില്‍–റോഡ് ഗതാഗതത്തെയും ബാധിച്ചു.