vs-sunilkumar

ദുരിതാശ്വാസ ക്യാംപുകളിൽനിന്ന് മടങ്ങുന്നവർക്കുള്ള ധനസഹായത്തിന്റെ കാര്യത്തിൽ നാളെ തീരുമാനമുണ്ടാകുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. സ്വകാര്യ ക്യാംപുകളും കലക്ഷൻ സെന്ററുകളും അനുവദിക്കില്ല. കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും പ്രളയം തമ്മിൽ കൂട്ടിക്കുഴയ്ക്കില്ലെന്നും എറണാകുളം കലക്ടറേറ്റിൽ നടന്ന അവലോകനയോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാണെന്ന് അവലോകനയോഗം വിലയിരുത്തി. നിലവിൽ ജില്ലയിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും  ക്യാംപുകളിലേക്ക് അവശ്യ സാധനങ്ങൾ സമാഹരിക്കാനുള്ള കലക്ഷൻ സെന്റർ പ്രവർത്തനമാരംഭിച്ചെന്നും കലക്ടർ യോഗത്തെ അറിയിച്ചു.  ജില്ലയിലെ 82 കുടിവെള്ള പദ്ധതികളിൽ ചെളി അടിഞ്ഞിരിക്കുന്നതിനാൽ ടാങ്കറിൽ കുടിവെള്ളമെത്തിക്കണമെന്ന് എം.എൽ.എമാർ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷത്തെ നഷ്ടപരിഹാരം ഉടൻ നൽകുമെന്ന് മന്ത്രി പറഞ്ഞു.

അടിയന്തിര സാഹചര്യം നേരിടാൻ കര - നാവിക - തീരസംരക്ഷണ സേനകൾ സജ്ജമാണെന്ന് ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. വടക്കൻ ജില്ലകളിലേക്ക് നാളെ മുതൽ കൂടുതൽ ട്രെയിൻ സർവീസ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് റയിൽവെ. കൃഷിനാശത്തിന്റെ കണക്ക് അതാതു ദിവസം അറിയിക്കാൻ കൃഷിവകുപ്പിനും നിർദേശം നൽകി.