‘‘അവൻ അവസാനം വീട്ടിലേക്കു വന്നപ്പോൾ എനിക്കു കൊണ്ടുവന്നു തന്നതാ ഈ ഗപ്പികളെ... ഇപ്പോൾ അവയ്ക്കു കുഞ്ഞുങ്ങളൊക്കെയുണ്ട്... ഒന്നര വർഷമാകുന്നു. പാവമായിരുന്നു എന്റെ കുഞ്ഞ്... അമ്മച്ചിയേ എന്നു വിളിച്ചോണ്ട് അവൻ വീട്ടിലേക്ക് ഇനി കയറിവരില്ലെന്ന് ഓർക്കുമ്പോൾ നെഞ്ചു പിടയും. അവന്റെ ഓർമകളിലാണു ഞാൻ ഇന്നും ജീവിക്കുന്നത്.’’

 

കോട്ടയം നട്ടാശേരിയിലെ വാടകവീട്ടിൽ ചെറിയ ഫിഷ് ബൗളിൽ നീന്തിത്തുടിക്കുന്ന ഗപ്പി മീൻകുഞ്ഞുങ്ങളെ നോക്കി നിറകണ്ണുകളോടെ കെവിന്റെ അമ്മ മേരി പറയുന്നു. കെവിന്റെ അച്ഛൻ ജോസഫും ഇവിടെയുണ്ട്. കെവിന്റെ ഭാര്യ നീനു ബെംഗളൂരുവിലെ കോളജിൽ പഠിക്കുകയാണ്. നീനുവിനെ സ്വന്തം മകളെപ്പോലെ കരുതി ചേർത്തുപിടിക്കുന്നുണ്ട് ജോസഫും മേരിയും. കെവിന്റെ സഹോദരി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ചെയ്യുന്ന കൃപയും കൂടെയുണ്ട്.

 

മേരി പറയുന്നു: ‘‘നീനു എന്നും വിളിക്കുന്നുണ്ട്. അവൾ മൊഴി നൽകാൻ പോയ ദിവസം കൂടെ ഞങ്ങളും കോടതിയിൽ പോയിരുന്നു. ചിരിച്ചുനിൽക്കുന്ന പ്രതികളുടെ മുഖം കണ്ടപ്പോൾ ഹൃദയം നൊന്തു. മറ്റൊരു അമ്മയ്ക്കും ഇനി ഇങ്ങനെയൊരു വേദനയുണ്ടാകരുത്’’.

 

ജോസഫ് പറയുന്നു: ‘‘കേസുള്ള എല്ലാ ദിവസവും കോടതിയിൽ പോകുമായിരുന്നു. എന്നാൽ, ഇന്നു വിധി പറയുമ്പോൾ അവിടെപ്പോയി നിൽക്കാനുള്ള കരുത്തുണ്ടാകുമെന്നു തോന്നുന്നില്ല. കെവിനു നീതി ലഭിക്കണം. അതു ലഭിക്കുമെന്ന് ഉറച്ച വിശ്വാസവുമുണ്ട്. അന്വേഷണത്തിൽ പൂർണതൃപ്തിയുമുണ്ട്.’’