kevin-blue-shirt

മരണത്തിന് തൊട്ട് മുന്‍പുള്ള പിറന്നാളിന് കെവിൻ ഗൾഫിലായിരുന്നു. അന്ന് നീനു സ്വരുക്കൂട്ടിവെച്ച പണം കൊണ്ട് കെവിൻ പ്രിയപ്പെട്ട നീല നിറത്തിലുള്ള ഷർട്ടും വലിയൊരു ബെർത്ത്ഡെ കാർഡും അയച്ചു. കൂട്ടുകാരോട് കേക്ക് മുറിക്കാൻ എല്ലാം ഏർപ്പാട് ചെയ്തു. ജന്മദിനാശംസകൾ നേരാൻ വിളിച്ചപ്പോൾ, കെവിൻ പറഞ്ഞു; അടുത്ത പിറന്നാൾ നമ്മളൊരുമിച്ചായിരിക്കും. എന്നാൽ പിന്നീടൊരു പിറന്നാൾ ആഘോഷിക്കാൻ കെവിനെ വിധി അനുവദിച്ചില്ല. ഇനി വരുന്ന പിറന്നാളിന് കെവിനൊപ്പമില്ലാതെ ആരുമില്ലാതെ നീനു മാത്രം. 

 

ഒരുമിച്ചൊരു പിറന്നാളിനും ഒരുമിച്ചൊരു ജീവിതത്തിനുമായി കാത്തിരിക്കുകയായിരുന്നു നീനു. പക്ഷെ വിധി അതിനൊന്നും അനുവദിച്ചില്ല. കെവിന്റെ ദുഖസ്മാരകമെന്നോണം നീനുവിന്റെ കയ്യിൽ ആകെ അവശേഷിച്ചത് അന്ന് സമ്മാനമായി നൽകിയ നീല ഷർട്ട് മാത്രമാണ്. മരണസമയത്തും കെവിൻ ധരിച്ചിരുന്നത് അതേ ഷർട്ടായിരുന്നു. കെവിന്റെ ഓർമയുണർത്തുന്ന ഫ്ല്ക്സുകളിലെല്ലാം അതേ ഷർട്ടാണ് ധരിച്ചിരിക്കുന്നത്.  കെവിന്റെ സംസ്കാരത്തിന്റെയന്ന് ഓർമകൾക്കൊപ്പം കണ്ണീരുവീണ് നനഞ്ഞ ആ സ്നേഹസമ്മാനം മറോടണച്ച് നിയന്ത്രണം വിട്ട് പൊട്ടിക്കരയുന്ന നീനുവിനെ മലയാളികൾക്ക് അത്ര വേഗം മറക്കാനാകില്ല. ‌

 

സംസ്കാരചടങ്ങുകളിലുടനീളം നീനു പങ്കെടുത്തത് ആ നീലക്കുപ്പായം ചേർത്തുപിടിച്ചുകൊണ്ടായിരുന്നു. നീനുവിന്റെ തോരാകണ്ണീരിനുള്ള ആശ്വാസം കൂടിയാണ് ഇന്നത്തെ വിധി. നീനുവിന്റെ സഹോദരനടക്കമുള്ള 10 പ്രതികൾക്ക് ലഭിച്ച ഇരട്ടജീവപര്യന്തം. വിധി കേൾക്കാൻ നീനു കോടതിയിൽ എത്തിയില്ലെങ്കിലും വിധി വലിയൊരു ആശ്വാസമായിരിക്കും നൽകുക.

 

പ്രതികരണം ഇങ്ങനെ: കെവിന്‍ കേസിലെ മുഖ്യപ്രതികള്‍ക്ക് വധശിക്ഷ പ്രതീക്ഷിച്ചിരുന്നുെവന്ന് കെവിന്‍റെ പിതാവ് ജോസഫ്. പൂര്‍ണതൃപ്തനല്ലെങ്കിലും ശിക്ഷ ഇരട്ടജീവപര്യന്തമായതിനാല്‍ നിരാശയില്ലെന്നും ജോസഫ് പറഞ്ഞു. തെറ്റു ചെയ്തവര്‍ക്ക് ശിക്ഷ ലഭിച്ചുവെന്നായിരുന്നു നീനുവിന്‍റെ പ്രതകരണം. ഉയര്‍ന്ന ശിക്ഷതന്നെയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി പ്രതികരിച്ചു.

 

കെവിന്‍ കേസിലെ പത്തു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം എന്ന ശിക്ഷാ വിധി വീട്ടിലിരുന്ന് ടിവിയിലൂടെയാണ് കെവിന്‍റെ പിതാവ് അറിഞ്ഞത്. വിധിയില്‍ പൂര്‍ണ തൃപ്തനല്ലെങ്കിലും  നിരാശയില്ലെന്ന് കെവിന്‍റെ പിതാവ് ജോസഫ് പറഞ്ഞു. മുഖ്യപ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ചാക്കോയെ വെറുതെ വിട്ടതാണ് പ്രധാനമെന്നും ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്നും ജോസഫ് പറഞ്ഞു. 

 

ഉയര്‍ന്ന ശിക്ഷ തന്നെയെന്ന് അന്വേഷണ ഉദ്യോഗസ്ഥാനായിരുന്ന എസ് പി ഹരിശങ്കര്‍ പറഞ്ഞു . ദൃക്സാക്ഷികളില്ലാതിരുന്ന കൊലപാതകക്കേസിലാണ് ഈ വിധി എന്നതും പ്രധാനം.

 

വിധിയില്‍ തൃപ്തിയുണ്ടെങ്കിലും ചാക്കോയെ വിട്ടയച്ചതിനെതിരെ നിയമപോരാട്ടം തുടരുമെന്ന് മുഖ്യസാക്ഷിയും കെവിന്‍റെ സുഹൃത്തുമായ അനീഷ് പ്രതികരിച്ചു.

 

തെറ്റു ചെയ്തവര്‍ക്ക് ശിക്ഷ ലഭിച്ചുവെന്ന ഒറ്റ വാചകത്തില്‍ നീനു പ്രതികരണം ഒതുക്കി.