TAGS

വല്ലാര്‍പാടം പദ്ധതിക്കായി മൂലമ്പള്ളിയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമി വാസയോഗ്യമല്ലെന്ന് ജനകീയ കമ്മിഷന്‍. പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് വാസയോഗ്യമായ സ്ഥലം അനുവദിക്കണമെന്ന് ജസ്റ്റിസ് സുകുമാരന്റെ നേതൃത്വത്തിലുള്ള ജനകീയ കമ്മിഷന്‍ ആവശ്യപ്പെട്ടു. കാക്കനാട് തുതിയൂരിലെ പുനരധിവാസ ഭൂമിയില്‍ കമ്മിഷന്‍ അംഗങ്ങള്‍ സന്ദര്‍ശനം നടത്തി.

വല്ലാര്‍പാടം പദ്ധതിക്ക് വേണ്ടി 2008 ഫെബ്രുവരിയിലാണ് മൂലമ്പള്ളിയിലെ 316 കുടുംബങ്ങള്‍ കുടിയിറക്കപ്പെട്ടത്. ഇതില്‍ 169 കുടുംബങ്ങള്‍ക്കാണ് കാക്കനാട് തുതിയൂരില്‍ സര്‍ക്കാര്‍ പുനരധിവാസഭൂമി കണ്ടെത്തി നല്‍കിയത്. ഇവിടെ പണിത വീടുകളില്‍ മിക്കവയ്ക്കും ചെരിവ് വന്നു. ചിലതിന്റെ ഭിത്തികളില്‍ വിള്ളല്‍ വീണു. മറ്റ് ചിലത് തറ നിരപ്പില്‍ നിന്ന് താഴേയ്ക്ക് വീണുപോയ അവസ്ഥയിലും. ഈ ഭൂമി വാസയോഗ്യമല്ലെന്ന പരാതിയുമായി കുടുംബങ്ങള്‍ ജസ്റ്റിസ് സുകുമാരന്‍ കമ്മിഷനെ സമീപീച്ചതോടെയാണ് കമ്മിഷന്‍ അംഗങ്ങള്‍ സ്ഥല സന്ദര്‍ശനത്തിനെത്തിയത്. പ്രാഥമിക പരിശോധനയില് തന്നെ ഭൂമി വാസയോഗ്യമല്ലെന്ന് കണ്ടെത്തിയതായി കമ്മിഷന്‍ അംഗങ്ങളായ ഹൈക്കോടതി മുൻ ജസ്റ്റിസ് പി കെ ഷംസുദ്ധീൻ,  പ്രൊഫ.കെ. അരവിന്ദാക്ഷൻ  എന്നിവര്‍ പറഞ്ഞു

ഈ പ്രദേശത്ത് സ്ഥലം അനുവദിച്ച 120 ഒാളം കുടുംബങ്ങള്‍ ഇപ്പോഴും പെരുവഴിയിലാണ്്. വാസയോഗ്യമായ സ്ഥലം കൊടുക്കുന്നതുവരെ ഇവർക്ക് സർക്കാർ വാടക കൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സ്ഥലം അനുവദിച്ചെന്ന പേരിൽ 2013 ന് ശേഷം ഈ കുടുംബങ്ങൾക്ക് സര്‍ക്കാര്‍ വാടക തുകയും നല്‍കുന്നില്ല. തുതിയൂരിലെ രണ്ട് സ്ഥലങ്ങളിലും കമ്മിഷന്‍ പരിശോധന നടത്തി. വെളളക്കെട്ടുളള സ്ഥലമാണ് ഇവർക്ക് അനുവദിച്ചതെന്ന് കമ്മീഷൻ കണ്ടെത്തി. രണ്ടു സ്ഥലങ്ങളിലായി പണികഴിപ്പിച്ച  വീടുകൾ അപകടാവസ്ഥയിലാണ്.അതിൽ ഒരുവീട് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്. പദ്ധതിയിൽപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും  വാസയോഗ്യമായ സൗകര്യം ഒരുക്കുന്നതുവരെ സർക്കാർ ഈ കുടുംബങ്ങൾക്ക് വാടക അനുവദിക്കണമെന്നും കമ്മിഷന്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഈമാസം തന്നെ  മൂലമ്പള്ളിയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട എല്ലാ കുടുംബങ്ങളില്‍ നിന്നും ജസ്റ്റിസ് സുകുമാരന്‍ കമ്മിഷന്‍ പരാതികൾ സ്വീകരിക്കും. ഉടന്‍ തന്നെ വിശദമായ റിപ്പോര്‍്ട്ട് സര്‍ക്കാരിന് കൈമാറുകയും ചെയ്യും.