െകഎസ്ആര്‍ടിസി ഡ്രൈവറെ ചട്ടം പഠിപ്പിച്ച് ഇരുചക്ര വാഹനക്കാരിയായ യുവതി. റോങ് സൈഡിലൂടെയെത്തിയ കെഎസ്‌ആർടിസിയ്ക്കു മുന്നിൽ ചങ്കുറപ്പോടെ തന്റെ സ്കൂട്ടറുമായി നിന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. യുവതി ബസിനു മുമ്പിൽ നിന്നും മാറുകയില്ലെന്നു മനസിലാക്കിയതോടെ ബസ് ഡ്രൈവർ വാഹനം മാറ്റി കൊണ്ട് പോകുന്നതും ഇതിൽ ദൃശ്യമാണ്. റോഡില്‍ ഏറ്റവും കൂടുതല്‍ വിഷമം നേരിടുന്നവരാണ് ഇരുചക്രവാഹനക്കാര്‍. വലുപ്പമേറിയ വാഹനങ്ങളിലെ ഡ്രൈവർമാർ പലപ്പോഴും ഇരുചക്രക്കാരോട് പെരുമാറുന്നത് വളരെ പുച്ഛത്തോടെയാണ്.
ഒന്ന് മുട്ടിയാൽ മറിഞ്ഞു വീഴുമെന്ന ഭയമുള്ളതു കൊണ്ട് പലപ്പോഴും ഇരുചക്ര ഡ്രൈവർമാർ പാതയരികു ചേർന്നും തെറ്റായ ദിശയിലൂടെ കേറിവരുന്ന ബസുകാർക്കു മുമ്പിൽ ഒതുക്കി കൊടുത്തുമൊക്കെയാണ് ലക്ഷ്യമെത്തുന്നത്. എന്നാൽ ഇരുചക്രമോടിക്കുന്നവർക്കും റോഡിൽ കുറച്ചൊക്കെ മര്യാദ ലഭിക്കണമെന്നു വിളിച്ചുപറയുകയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന ഈ വിഡിയോ.
വിഡിയോ എവിടെ ചിത്രീകരിച്ചതാണെന്ന് അറിയില്ലെങ്കിലും യുവതിയുടെ ചങ്കൂറ്റത്തിനു സമൂഹമാധ്യമങ്ങൾ ഒന്നടങ്കം അഭിനന്ദിക്കുകയാണ്. സിനിമാതാരം ഉണ്ണി മുകുന്ദനടക്കമുള്ളവർ ഈ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.