നിലവാരമില്ലാത്ത പുസ്തകത്തിന് പുരസ്കാരം നല്‍കാനുള്ള നീക്കമാണ് വയലാര്‍ അവാര്‍ഡ് നിര്‍ണയ സമിതിയില്‍നിന്ന് പിന്‍മാറാന്‍ കാരണമെന്ന് ആവര്‍ത്തിച്ച് പ്രഫസര്‍ എം.കെ.സാനു. പുരസ്കാരത്തിന്‍റെ മൂല്യത്തിന് ക്ഷതമേല്‍ക്കാതിരിക്കാനാണ് രാജിക്കത്തില്‍ അനാരോഗ്യമെന്ന് രേഖപ്പെടുത്തിയത്. തെറ്റായ തീരുമാനം തടയണമെന്ന ഉദ്ദേശത്തോടെയാണ് പരിഗണിക്കുന്ന കൃതികളുടെ പേര് പുറത്തുപറഞ്ഞതെന്നും എം.കെ.സാനു മനോരമ ന്യൂസിനോട് പറഞ്ഞു.
നാല്‍പത്തിരണ്ട് വര്‍ഷത്തെ മഹിത പാരമ്പര്യവുമായി നിലകൊണ്ട വയലാര്‍ അവാര്‍ഡിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. പുരസ്കാര നിര്‍ണയത്തിന്റെ രണ്ടാംഘട്ടത്തില്‍പ്പോലും എത്താതിരുന്ന കൃതിക്ക് പുരസ്കാരം നല്‍കാനുള്ള ചരടുവലികള്‍ നടന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പുരസ്കാര നിര്‍ണയ സമിതിയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവച്ചതെന്ന് പ്രൊഫസര്‍ എം.കെ.സാനു പറഞ്ഞു. പുരസ്കാരത്തോടുള്ള ബഹുമാനം കൊണ്ടാണ് യഥാര്‍ഥ കാരണം രാജിക്കത്തില്‍ രേഖപ്പെടുത്താതിരുന്നതെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
പുരസ്കാരത്തിന് പരിഗണിച്ച കൃതികളുടെ പേര് പുറത്തുപറഞ്ഞത് ഹീനമായ നടപടിയാണെന്ന വയലാര്‍ രാമവര്‍മ സ്മാരക ട്രസ്റ്റ് സെക്രട്ടറി സി.വി.ത്രിവിക്രമന്‍റെ ആരോപണത്തിനും കൃത്യമായ മറുപടിയുണ്ട്.(വിഡിയോ കാണുക).
ആദ്യരണ്ട് സ്ഥാനങ്ങളില്‍വന്ന വി.ജെ.ജെയിംസിന്റെ നിരീശ്വരന്‍, ഏഴാച്ചേരി രാമചന്ദ്രന്റെ ഇലത്തുമ്പിലെ വജ്രദാഹം എന്നീ കൃതികളെ മറികടന്ന് മറ്റൊരു കൃതിക്ക് പുരസ്കാരം നല്‍കാന്‍ സമ്മര്‍ദമുണ്ടായെന്നാണ് ആരോപണം. നാളെയാണ് അവാര്‍ഡ് പ്രഖ്യാപനം.