കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെയും ഷാജുവിന്റെയും രണ്ടാം വിവാഹ ചിത്രങ്ങൾ പുറത്ത്. പരസ്പരം കേക്ക് മുറിച്ചും വീഞ്ഞ് നൽകിയും വിവാഹവേള ആഘോഷമാക്കുന്ന ഇരുവരുടെയും ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

 

നേരത്തെ  ജോളിയുടെയും ആദ്യഭർത്താവ് റോയിയുടെയും വിവാഹഫോട്ടോ മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. ജോളി കൊലപ്പെടുത്തിയ റോയിയും മാതാപിതാക്കളായ ടോം തോമസും അന്നാമ്മ തോമസും ചിത്രത്തിലുണ്ട്. മരണങ്ങളുമായി ബന്ധപ്പെട്ട് പരാതി നൽകിയ റോയിയുടെ സഹോദരൻ റോജോ, കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിലെത്തിയ റെഞ്ചി എന്നിവരും വിവാഹചിത്രത്തിലുണ്ട്. 

 

ആദ്യഭാര്യ സിലി മരിച്ച് ഒരുവർഷത്തിന് ശേഷമാണ് ജോളിയും ഷാജുവും വിവാഹിതരായത്. ഈ വിവാഹത്തിന് സിലിയുടെ വീട്ടുകാർ നിർബന്ധിച്ചെന്നായിരുന്നു ഷാജു ആദ്യം പറഞ്ഞത്. എന്നാൽ രണ്ടാം വിവാഹത്തിന് തങ്ങൾ എതിരായിരുന്നുവെന്നും വിവാഹത്തിൽ പങ്കെടുത്തില്ലെന്നും സിലിയുടെ സഹാദരൻ‌ മൊഴി നൽകി.  ഷാജു–സിലി ദമ്പതികളുടെ മകൾ ആൽഫൈൻ മരിച്ച് രണ്ട് വർഷത്തിന് ശേഷമാണ് സിലി കൊല്ലപ്പെടുന്നത്. 

 

കൊല്ലപ്പെട്ട സിലിയുടെ മൃതശരീരത്തില്‍ ഷാജുവും ജോളിയും ഒരുമിച്ച് അന്ത്യചുംബനം നല്‍കുന്നതിന്റെ ഫോട്ടോയും മനോരമ ന്യൂസിന് ലഭിച്ചു. താന്‍ അന്ത്യചുംബനം നല്‍കുമ്പോള്‍ തികച്ചും അപ്രതീക്ഷിതമായി ജോളിയും തനിക്കൊപ്പം അന്ത്യചുംബനം നല്‍കിയിരുന്നതായും ഷാജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഷാജുവിന്റെ ആദ്യഘട്ടത്തിലെ മൊഴികളെ പൊളിക്കുന്നതാണ് പുറത്തുവന്ന ചിത്രം. 

 

അതേസമയം കൂട്ടക്കൊലപാതകങ്ങളിൽ അറസ്റ്റിലായ മുഖ്യപ്രതി ജോളി തന്നെ കുരുക്കാൻ ശ്രമിക്കുന്നെന്നു ഭർത്താവ് ഷാജു. ജോളി കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. തനിക്കെതിരെ മൊഴിയുണ്ടെന്ന പ്രചരണം കുരുക്കാനുള്ള ശ്രമമാണ്. ഇവരുടെ ആദ്യ ഭർത്താവ് റോയിയുടെ ബന്ധുക്കളുടെ പ്രസ്താവനകളും സംശയം ബലപ്പെടുത്തുന്നു. കൊലപാതകം ചെയ്യാന്‍ ജോളിയെ സഹായിച്ചുവെന്ന് മൊഴി കൊടുത്തിട്ടില്ല. ജോളിക്ക് മറ്റാരുടെയെങ്കിലും പിന്തുണ ലഭിച്ചിട്ടുണ്ടാകാം. 

 

കൂടത്തായി കൊലപാതകങ്ങളില്‍ ഷാജു കുറ്റം ഏറ്റുപറഞ്ഞെന്നും മറ്റുമുള്ള വാർത്തകളോടു പ്രതികരിക്കുകയായിരുന്നു ഷാജു. ചോദ്യം ചെയ്യലിനു ശേഷം ഇയാളെ അന്വേഷണസംഘം വിട്ടയച്ചിരുന്നു. ബസിലായിരുന്നു ഷാജുവിന്റെ മടക്കയാത്ര.