കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെയും ആദ്യഭർത്താവ് റോയിയുടെയും വിവാഹഫോട്ടോ മനോരമ ന്യൂസിന് ലഭിച്ചു. ജോളി കൊലപ്പെടുത്തിയ റോയിയും മാതാപിതാക്കളായ ടോം തോമസും അന്നാമ്മ തോമസും ചിത്രത്തിലുണ്ട്. മരണങ്ങളുമായി ബന്ധപ്പെട്ട് പരാതി നൽകിയ റോയിയുടെ സഹോദരൻ റോജോ, കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിലെത്തിയ റെഞ്ചി എന്നിവരും വിവാഹചിത്രത്തിലുണ്ട്. 

 

കൊല്ലപ്പെട്ട സിലിയുടെ മൃതശരീരത്തില്‍ ഷാജുവും ജോളിയും ഒരുമിച്ച് അന്ത്യചുംബനം നല്‍കുന്നതിന്റെ ഫോട്ടോയും മനോരമ ന്യൂസിന് ലഭിച്ചു. താന്‍ അന്ത്യചുംബനം നല്‍കുമ്പോള്‍ തികച്ചും അപ്രതീക്ഷിതമായി ജോളിയും തനിക്കൊപ്പം അന്ത്യചുംബനം നല്‍കിയിരുന്നതായും ഷാജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഷാജുവിന്റെ ആദ്യഘട്ടത്തിലെ മൊഴികളെ പൊളിക്കുന്നതാണ് പുറത്തുവന്ന ചിത്രം. 

 

അതേസമയം കൂടത്തായിയില്‍ കൊലപാതകപരമ്പരകളിൽ അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ പൊലീസ് വിട്ടയച്ചു. എവിടെ പോയാലും പൊലീസിനെ അറിയിക്കണം. ജോളിയെ ചോദ്യംചെയ്തപ്പോള്‍ ഷാജു ഉണ്ടായിരുന്നു. എല്ലാ മൊഴികളും റെക്കോര്‍ഡ് ചെയ്തു. മൊഴികള്‍ വിലയിരുത്തിയശേഷം തുടര്‍നടപടിയെടുക്കും. കൂടുതൽ പേരെ ഇനിയും ചോദ്യം ചെയ്യാനുണ്ടെന്നു പൊലീസ് പറഞ്ഞു. മൃതദേഹങ്ങളുടെ രാസപരിശോധന വിദേശത്ത് നടത്താനും അനുമതിയായിട്ടുണ്ട്. ഡിജിപി ലോക്നാഥ് ബെഹ്റ പൂര്‍ണപിന്തുണ അറിയിച്ചിട്ടുണ്ടെന്നും എസ്പി മാധ്യമങ്ങളോടു പറഞ്ഞു. ഷാജുവിന്റെ പിതാവ് സക്കറിയയെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് വിളിപ്പിച്ചു.

 

കൊലപാതകപരമ്പരയില്‍ ഷാജു കുറ്റമേറ്റുപറഞ്ഞെന്നാണ് പൊലീസ് നല്‍കുന്ന സൂചന.  തന്റെ ആദ്യഭാര്യ സിലിയേയും മകളേയും കൊലപ്പെടുത്താന്‍ ജോളിക്ക് അവസരമൊരുക്കിയത് താനാണെന്ന് ഷാജു ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. രാവിലെ കസ്റ്റഡിയിലെടുത്ത ഷാജുവിനെ വടകര എസ്.പി. ഓഫിസില്‍ ചോദ്യംചെയ്യുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഷാജു പൊട്ടിക്കരഞ്ഞു. ജോളിയുമായി പ്രണയത്തിലായിരുന്നു . ഭാര്യയെയും മകളെയും ഒഴിവാക്കാന്‍ തീരുമാനിച്ചത് ജോളിയെ സ്വന്തമാക്കാനായിരുന്നു.