TAGS

നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുമായെത്തിയ ലോറി ചെക്കുപോസ്റ്റില്‍ പിടികൂടിയ എക്സൈസ് ഉദ്യോഗസ്ഥര്‍ പുലിവാലു പിടിച്ചു.  വകുപ്പുകള്‍ തമ്മിലുളള ആശയക്കുഴപ്പത്തെ തുടര്‍ന്ന് മലപ്പുറം വഴിക്കടവ് ചെക്കുപോസ്റ്റില്‍ പിടികൂടിയ ലോറിയുമായി എക്സൈസ് ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം വലഞ്ഞു.

 

വഴിക്കടവ് ആനമറിയിലെ എക്സൈസ് ചെക്ക് പോസ്റ്റിലാണ് 30 മൈക്രോണില്‍ താഴെയുളള 12 ടണ്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പിടികൂടിയത്.  ഗുജറാത്തിൽനിന്ന് അരീക്കോട്ടേക്ക് കൊണ്ടുവന്ന ലോ‍ഡില്‍ നിരോധിത ഇനത്തില്‍പ്പെട്ട ക്യാരിബാഗുകളാണന്ന സംശയത്തെ തുടര്‍ന്ന് ആരോഗ്യ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർമാർ സ്ഥലത്തെത്തി ഉപകരണങ്ങളുടെ സഹായത്താടെ  പരിശോധിച്ചതോടെ 30 മൈക്രോണിൽ താഴെയുള്ളതാണന്ന് സ്ഥിരീകരിച്ചു. തുടർന്ന് പ്ലാസ്റ്റിക് ക്യാരി ബാഗുകളുമായി വന്ന ലോറി വഴിക്കടവ് പൊലീസിന് കൈമാറാന്‍ ശ്രമിച്ചെങ്കിലും ഏറ്റെടുത്തില്ല. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത് വേസ്റ്റ് മാനേജ്മെൻറ് ആക്ട് പ്രകാരം ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണന്ന് പറഞ്ഞ് പൊലീസ് ഒഴിഞ്ഞു മാറി. 

 

എന്നാല്‍ ,പൊലീസാണ് നടപടി എടുക്കേണ്ടതെന്ന് പറഞ്ഞ് ഗ്രാമപഞ്ചായത്ത് എക്സൈസ് ഉദ്യോഗസ്ഥരെ തിരിച്ചയച്ചു. പ്രശ്നം തലവേദനയായതോടെ ഗ്രാമപഞ്ചായത്ത് ലോറിക്ക് 15000 രൂപ പിഴ ചുമത്തിയ ശേഷം ഗുജറാത്തിലേക്കു തന്നെ മടക്കി അയക്കാന്‍ നിര്‍ദേശം നല്‍കി. കേരള അതിര്‍ത്തിയായ നാടുകാണി വരെ ക്യാരി ബാഗു ലോറി നാടു കടത്താന്‍ പഞ്ചായത്ത്, എക്സൈസ് , പൊലീസ് ഉദ്യോഗസ്ഥര്‍ അകമ്പടി സേവിച്ചു.