പതിനാറുവര്‍ഷമായി നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്ന തിരുവനന്തപുരം പനച്ചമൂട് ജംഗ്്ഷനിലെ റോഡിലെ കുഴികള്‍ അടച്ചു. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് സ്ഥലം എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപടി സ്വീകരിച്ചത്.

പനച്ചമൂട് ജംഗ്ഷനിലെ രണ്ടടി താഴ്ച്ചയുള്ള നാല് കുഴികളിലായി കഴിഞ്ഞ ഒരുമാസത്തിനിടെ ഇരുപത്തിയഞ്ച് അപകടങ്ങള്‍ക്കാണ് കാരണമായത്. കഴിഞ്ഞ ദിവസം ഒരുമണിക്കൂറിനുള്ളില്‍ തുടര്‍ച്ചയായുണ്ടായ മൂന്ന് അപകടങ്ങള്‍ മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടൊപ്പം നാട്ടുകാര്‍ പ്രതിഷേധവും ശക്തമാക്കി. 

ഇതേ തുടര്‍ന്നാണ് സ്ഥലം എം.എല്‍.എ സി.കെ ഹരീന്ദ്രന്‍ റോഡിലെ കുഴികള്‍ അടക്കാന്‍ മുന്‍കൈ എടുത്തത്. റോഡിലെ കുഴികള്‍ അടച്ചതിന് ശേഷം വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ടിട്ടുള്ള വെള്ളക്കെട്ടുകളാണ് കുഴികള്‍ക്ക് കാരണമെന്നും നിര്‍മാണ കരാറുകാരനെക്കൊണ്ട് ഗതാഗതം പുനഃസ്ഥാപിക്കത്തക്കവിധം റോഡ് പുനര്‍നിര്‍മിക്കുമെന്നും ഫേസ്ബുക്കില്‍ കുറിച്ചു.