accident

TAGS

കാറും കെഎസ്ആർടിസി വോൾവോ ബസും കൂട്ടിയിടിച്ച് യുവദമ്പതികൾക്ക് ദാരുണാന്ത്യം. തിരുവനന്തപുരം നെയ്യാറ്റിൻകര ഊരുട്ടുകാല തിരുവോണത്തിൽ ജനാർദനൻ നായരുടെ മകനും പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരംകുളം ഡിവിഷൻ ഓവർസീയറുമായ ജെ.രാഹുൽ (28), ഭാര്യയും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഓവർസീയറുമായ സൗമ്യ (24) എന്നിവരാണു മരിച്ചത്.

ദേശീയപാതയിൽ കടമ്പാട്ടുകോണത്തിനു സമീപം ഇന്നലെ 11ന് ആയിരുന്നു അപകടം നടന്നത്. ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ നെയ്യാറ്റിൻകരയിൽ നിന്ന് മയ്യനാട്ടേക്ക് കാറിൽ പോകുന്നതിനിടെയാണ് ഈ ദാരുണാപകടം. രണ്ടു വയസ്സുള്ള മകൾ ഇഷാനിയെ രാഹുലിന്റെ അമ്മയെ ഏൽപ്പിച്ച ശേഷമായിരുന്നു ഇരുവരുടെയും യാത്ര.

മുൻഭാഗം പൂർണമായും തകർന്ന കാറിൽ നിന്ന് പുറത്തെടുത്തപ്പോഴേക്കും രാഹുലും സൗമ്യയും മരിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

 പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓവർസീയർ ആയിരുന്ന സൗമ്യയ്ക്കു മൂന്നു മാസം മുൻപാണ് അഞ്ചലിലേക്കു സ്ഥലം മാറ്റം കിട്ടിയത്.  സംസ്കാരം ഇന്ന് 10ന് സൗമ്യയുടെ ആയൂരിലെ വീട്ടിൽ നടക്കും. 

വിധിയുടെ അപ്രതീക്ഷിത പ്രഹരത്തിൽ തകർന്ന് പോയിരിക്കുകയാണ് ഈ കുടുബം. ‘ഈ പൊന്നുകുഞ്ഞിന് ഇനി ആരു പാലുകൊടുക്കുമെന്ന് ആരെങ്കിലും പറയു’ എന്ന  മുത്തശ്ശിയുടെ ചോദ്യം കേട്ടുനിന്നവരുടെ നെഞ്ചിലാണു തറച്ചത്. പൊടുന്നനെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടതിന്റെ ആഘാതം എന്നാൽ ആ കുഞ്ഞ് മുഖത്ത് ഉണ്ടായിരുന്നില്ല. യുവമിഥുനങ്ങളുടെ സ്വപ്നത്തിന്റെ നിറകുടമായി അപ്പോഴും ആ മുത്തശ്ശിയുടെ കയ്യിൽ ഇഷാനിയുണ്ടായിരുന്നു.