കാന്‍സര്‍ രോഗിയാണെന്ന് തെറ്റിദ്ധരിപ്പിച്ച്, സാമ്പത്തികതട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ ആലപ്പുഴ മാരാരിക്കുളം പൊലീസ് കേസെടുത്തു. മാരാരിക്കുളം സ്വദേശിയായ ശ്രീമോള്‍ എന്ന സുജിമോള്‍, ഇടതുസഹയാത്രികയും മാധ്യമപ്രവര്‍ത്തകയുമായ സുനിത ദേവദാസ്, ശ്രീമോളുടെ കൂട്ടാളി അനില്‍.ടി.വി എന്നിവര്‍ക്കെതിരെയാണ് വ‍ഞ്ചന, ഗൂഡോലോചന കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ നവാസ് ആണ് പരാതിക്കാരന്‍. 

ഒന്നാംപ്രതിയായ ശ്രീമോള്‍ മൂന്നാം പ്രതിയായ അനിലിന്റെ സഹായത്തോെട സമൂഹമാധ്യമങ്ങളില്‍ താന്‍ കാന്‍സര്‍രോഗിയാണെന്ന് പ്രചരിപ്പിക്കുകയും രണ്ടാംപ്രതിയായ സുനിത ദേവദാസ് ഇക്കാര്യങ്ങള്‍ക്ക് വിശ്വാസ്യത നല്‍കുംവിധം ഫെയ്സ്ബുക്കില്‍ പ്രചാരണം നടത്തിയെന്നും എഫ്.ഐ.ആഫില്‍ പറയുന്നു. മൂന്നുലക്ഷത്തോളം രൂപ നേരിട്ടും പത്തുലക്ഷത്തോളം രൂപ അല്ലാതെയും സുമനസുകളില്‍നിന്ന് പിരിച്ചെടുത്തുവെന്നാണ് പരാതി.  

സോഷ്യൽ മീഡിയയിലെ ഒരു വനിതാ ഗ്രൂപ്പില്‍ അംഗമായ ശ്രീമോള്‍, കാൻസർ രോഗിയാണെനും സർജറിക്ക് പണമില്ലെന്നും പലരെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. രോഗമുണ്ടെന്ന് വിശ്വസിപ്പിക്കാൻ ചില മെഡിക്കൽ റിപ്പോർട്ടുകളും നല്‍കി. ഇത് വിശ്വസിച്ചാണ് കാനഡയില്‍ താമസക്കാരിയായ സുനിത ദേവദാസ് അവരുടെ  ഫെയ്സ്ബുക്ക് അകൗണ്ടിൽ അടിയന്തിര ചികിത്സക്ക് പണം ആവശ്യമുണ്ടെന്ന രീതിയിൽ പോസ്റ്റിട്ടത്. പിന്നീട് തട്ടിപ്പാണെന്ന് മനസിലാക്കി ഒക്ടോബര്‍ 22 ന് പോസ്റ്റ് ചെയ്ത കാര്യങ്ങള്‍ അവര്‍ 27ാംതീയതി പിന്‍വലിച്ചിരുന്നു. ശ്രീമോള്‍ തന്നെ വഞ്ചിച്ചതാണെന്നും അവര്‍ക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും സുനിത ദേവദാസ് മനോരമ ന്യൂസ്.കോമിനോട് പറ‍ഞ്ഞു. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി അയച്ചിട്ടും തന്റെ പരാതിയില്‍ കേസെടുക്കാതെ തനിക്കെതിരെ നല്‍കിയ പരാതിയില്‍ മാത്രമാണ് കേസെടുത്തതെന്നും അവര്‍ പറഞ്ഞു. 

സുനിത ദേവദാസിന്റെ കുറിപ്പ് ഇങ്ങനെ" 

കേസിന് ആസ്പദമായ പോസ്റ്റ് ഇങ്ങനെയായിരുന്നു : ശ്രീമോൾ മാരാരി നമ്മളുടെയൊക്കെ സുഹൃത്താണു. ക്യാൻസർ ചികിത്സയിലാണു. ഉള്ളതെല്ലാം വിറ്റ് ഇത്രയും നാൾ മുന്നോട്ട് നീങ്ങി...ഇനി ചികിത്സ മുന്നോട്ട്‌ നീങ്ങാൻ നമ്മളുടെയൊക്കെ സഹായം ആവശ്യമുണ്ട്‌. സർജ്ജറി വേണം. ഒരു 100 രൂപ എങ്കിലും കഴിയുന്നവർ സഹായിക്കു 

തട്ടിപ്പാണെന്നറിഞ്ഞപ്പോള്‍ ചെയ്ത പോസ്റ്റ്

ശ്രീമോൾ മാരാരിയുടെ ചികിത്സക്ക് വേണ്ടി നമ്മൾ പണം പിരിച്ചിരുന്നു.നിങ്ങളെല്ലാം സഹായിച്ചു. ഇപ്പോ ചികിത്സക്ക് അത്യാവശ്യത്തിനുള്ള പണം ആയിട്ടുണ്ട്. നമ്മൾ പിരിവ് തല്ക്കാലം നിര്ത്തുന്നു. പൈസയുടെ കണക്കും കാര്യങ്ങളും ഒക്കെ ശ്രീമോൾ ആശുപത്രിയിൽ നിന്നും വന്നതിനു ശേഷം വിശദമായി പോസ്റ്റ് ഇടാം( ബാങ്ക് സ്റ്റേറ്റ്മെന്റും ആശുപത്രി ബില്ലുകളും ഉൾപ്പെടെ). സഹായിച്ച എല്ലാവര്ക്കും നന്ദി ,സ്നേഹം ....

ഇങ്ങനെയൊക്കെയല്ലേ നമ്മൾ മനുഷ്യരാവുന്നത്

സുനിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പ്രസക്തഭാഗങ്ങള്‍

ഒരു പ്രധാനവിഷയം ശ്രദ്ധയിൽ പെടുത്താൻ വേണ്ടിയാണു ഈ പരാതി. ഇക്കഴിഞ്ഞ ദിവസം ആലപ്പുഴ മാരാരിക്കുളത്തുള്ള ഒരു സ്ത്രീ അവർക്ക് കാൻസർ ആണെന്ന് പറഞ്ഞു വ്യാജ സർട്ടിഫിക്കറ്റുകളും മെഡിക്കൽ റിപ്പോർട്ടുകളുമായി പലരെയും സമീപിക്കുകയും പണം പിരിക്കുകയും ചെയ്തു.

ഞാനുൾപ്പെടുന്ന പല സോഷ്യൽ മീഡിയ വനിതാ ഗ്രൂപ്പുകളിൽ അവർ അംഗമായിരുന്നു. അവിടെയും കാൻസർ രോഗിയാണെനും സർജറിക്ക് പണമില്ലെന്നും മരിക്കുമെന്നും പറഞ്ഞു പലരിൽ നിന്നും പണം വാങ്ങി. ഇക്കഴിഞ്ഞ ദിവസം അടിയന്തിരമായി കീമോ ചെയ്യുകയും സർജറി ചെയ്യുകയും വേണം, പണമില്ല,അല്ലെങ്കിൽ മരിച്ചു പോകും എന്ന് പറഞ്ഞു എന്നോടും സംസാരിച്ചു.കാൻസറുണ്ടെന്നു വിശ്വസിപ്പിക്കാൻ ചില മെഡിക്കൽ റിപ്പോർട്ടുകളും പലർക്കും തന്നിട്ടുണ്ട്. അത് വിശ്വസിച്ച ഞാൻ എന്റെ ഫേസ് ബുക്ക് അകൗണ്ടിൽ ഇവർക്ക് അടിയന്തിര ചികിത്സക്ക് പണം ആവശ്യമുണ്ടെന്ന രീതിയിൽ മറ്റാരോ തയ്യാറാക്കിയ ഒരു പോസ്റ്റ് ഷെയർ ചെയ്തു .

എന്നെ വിശ്വസിക്കുന്ന കുറെ മനുഷ്യർ ശ്രീമോൾക്ക് പണം നൽകി. അവൾ ലേക്‌ഷോറിൽ അഡ്മിറ്റ് ആണെന്നും കീമോ തുടങ്ങി എന്നുമൊക്കെ ഞങ്ങളെ അറിയിച്ചു കൊണ്ടിരുന്നു. എന്നാൽ എന്റെ പോസ്റ്റ് കണ്ടു സംശയം തോന്നിയ ശ്രീമോളുടെ വീടിനടുത്തുള്ള മനുഷ്യർ എന്നെ ഫോണിൽ വിളിച്ചു ശ്രീമോൾക്ക് കാൻസർ ഇല്ലെന്നും നാട്ടിൽ ആർക്കും ഇക്കാര്യം അറിയില്ലെന്നും പറഞ്ഞു. അതോടെയാണ് ഞങ്ങൾ അന്വേഷണം തുടങ്ങിയത്.

തട്ടിപ്പ് മനസിലാക്കിയ ഞാൻ പിരിവ് നിര്‍ത്തുന്നു എന്ന് പോസ്റ്റ് ഇട്ടു. 

പിന്നീടുള്ള അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ ഇവയാണ് .

1 . ശ്രീമോളുടെ യഥാർത്ഥ പേര് സുജിമോൾ എന്നാണ്

2 . ശ്രീമോൾക്ക് കാൻസർ ഇല്ല

3 . 2013 ൽ അവർക്ക് മൂക്കിൽ ചില ഫങ്കസ് രോഗങ്ങൾ വന്നതിനു ശേഷം പ്രത്യേക രോഗങ്ങളൊന്നും ഇല്ല.

4 . ഞങ്ങളിൽ നിന്നും പണപ്പിരിവ് നടത്തിയതിനു ശേഷം അവർ സ്വമേധയാ ലെക് ഷോർ ആശുപത്രിയിൽ ചെന്ന് തലകറക്കമാണ്. തലക്കകത്ത് പ്രശനമാണ് എം ആർ ഐ വേണം എന്ന് പറഞ്ഞൊക്കെ ന്യൂറോ സർജനെ കാണുകയും പ്രൈവറ്റ് ആശുപത്രിയിൽ ലഭ്യമായ എല്ലാ ടെസ്റ്റുകളും ചെയ്യുകയുമായിരുന്നു.

അങ്ങനെ ചെയ്ത ഒരു ടെസ്റ്റിലും ഇവർക്ക് ഒരു രോഗവുമുള്ളതായി ഇപ്പോഴും കണ്ടു പിടിച്ചിട്ടില്ല. എല്ലാ ടെസ്റ്റ് റിസൾട്ടും നോർമൽ ആണ്.

5 . ശ്രീമോൾക്ക് മക്കൾ ഇല്ലെന്നും ഒരു ഭർത്താവ് ഉണ്ടെന്നും അയാൾ ഇവൾക്ക് കാൻസർ വന്നപ്പോൾ ഉപേക്ഷിച്ചു, ജീവിക്കാൻ നിവൃത്തിയില്ല എന്നുമാണ് എന്നോട് പറഞ്ഞിരുന്നത് . എന്നാൽ അന്വേഷണത്തിൽ കണ്ടെത്തിയത് ശ്രീമോൾക്ക് ബിജു എന്ന ഭർത്താവും മൂന്നു പെൺകുട്ടികളും ഉണ്ടെന്നും അതോടൊപ്പം അനിൽ എന്ന പഞ്ചായത്തിൽ ജോലി ചെയ്യുന്ന ഒരാളുടെ കൂടെ ഈ മൂന്നു സ്വന്തം മക്കൾ സഹോദരന്റെ മക്കൾ എന്ന് കള്ളം പറഞ്ഞു ലിവിങ് ടുഗെതരിൽ ആണ് എന്നുമാണ്.

6 . ശ്രീമോളുടെ എല്ലാ സാമ്പത്തിക തട്ടിപ്പുകൾക്കും പണപ്പിരിവിലും അനിലും കൂട്ടുപ്രതിയാണ്. ഞങ്ങളുടെ സ്ത്രീ കൂട്ടായ്മയിലെ പല സ്ത്രീകളെയും ഇയാളും വിളിക്കാറുണ്ടായിരുന്നു.

7 . അതിജീവനം വീ ക്യാൻ എന്ന കാൻസർ രോഗികളുടെ ഒരു സോഷ്യൽ മീഡിയ കൂട്ടായ്മയുണ്ട്. അതിൽ കാൻസർ രോഗികൾ മാത്രമാണുള്ളത്. ശ്രീമോൾ കഴിഞ്ഞ ഒരു വർഷമായി അതിൽ അംഗമായിരുന്നു. കാൻസർ രോഗിയായി അഭിനയിച്ചു വരികയായിരുന്നു.

അതിലുള്ള രോഗികളെയും ഇവർ വൈകാരികമായും സാമ്പത്തികമായും വഞ്ചിച്ചു. അവരുടെ കാൻസർ റിപ്പോർട്ടുകൾ തട്ടിയെടുത്താണ് ഇവർ ഞങ്ങളുടെ അടുത്ത് കാൻസർ രോഗിയായി അഭിനയിച്ചത്. അതിജീവനം വീ കാനിലുള്ള യഥാർത്ഥ കാൻസർ രോഗികളുടെ ചികിത്സ പേപ്പറുകളും ടെസ്റ്റ് റിപ്പോർട്ടുകളും ശ്രീമോൾ പേര് വെട്ടിമാറ്റി പണം ചോദിക്കുന്നവർക്ക് നൽകിയിരുന്നു.

മരിച്ചു പോയ കാൻസർ രോഗിയായ ശാലിനിയുടെ മെഡിക്കൽ റിപ്പോർട്ടുകൾ ഉപയോഗിച്ചാണ് ഇവർ തട്ടിപ്പുകൾ നടത്തിയത്. 

8 . ഇപ്പോൾ നിരവധിപേർ ശ്രീമോളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്ന് പറഞ്ഞു വന്നു കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരു വര്ഷമെങ്കിലുമായി ഇവർ പണപ്പിരിവ് നടത്തുന്നുണ്ട്. അതിനാൽ തട്ടിപ്പിന്റെ വ്യാപ്തി ഇപ്പോൾ കണക്കാക്കാൻ പറ്റുന്നില്ല.

9 . ഈ സംഭവങ്ങളെല്ലാം ഉണ്ടായതിനു ശേഷവും തട്ടിപ്പ് കയ്യോടെ പിടിച്ചതിനു ശേഷവും ഇവർ ലൈവ് വീഡിയോയിൽ വന്നു കരയുകയും കാൻസർ ഉണ്ടെന്നും ഇല്ലെന്നും ചികിത്സയിലാണെന്നും മറ്റു മാരക രോഗങ്ങൾ ഉണ്ടെന്നും ഭർത്താവ് ഇല്ലെന്നും ദാരിദ്ര്യമാണെന്നും ഒക്കെ കള്ളം പറയുന്നു.

10 . ലൈവ് വീഡിയോയിൽ പ്രായപൂർത്തിയാവാത്ത കുഞ്ഞുങ്ങളെ കൊണ്ട് കള്ളങ്ങൾ പറയിപ്പിച്ചു വീണ്ടും തട്ടിപ്പിന് ശ്രമിക്കുന്നു.കുഞ്ഞുങ്ങൾക്ക് മാരക രോഗമാണെന്നും പറഞ്ഞു കുട്ടികളെ ലൈവിൽ സാക്ഷ്യം പറയിപ്പിക്കുന്നു . അത് കേട്ട് വീണ്ടും ആളുകൾ അവളെ വിശ്വസിച്ചു തട്ടിപ്പിൽ വീഴുന്നു. ബാലാവകാശ കമ്മീഷൻ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം.

വിശ്വസ്തതയോടെ,

സുനിത ദേവദാസ്, മാധ്യമ പ്രവർത്തക

31-10-2019