ചങ്ങനാശേരിക്ക് പിന്നാലെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയും കേരളകോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷം. ജോസഫ് വിഭാഗത്തിന് പ്രസിഡന്‍റ് സ്ഥാനം നല്‍കാമെന്ന ധാരണ ജോസ് വിഭാഗം ലംഘിച്ചതാണ് തര്‍ക്കങ്ങള്‍ക്ക് കാരണം. ജോസഫ് വിഭാഗത്തിന് 

പ്രസിഡന്‍റ് സ്ഥാനം വിട്ടുനല്‍കില്ലെന്ന നിലപാടില്‍ ജോസ് വിഭാഗവും ഉറച്ചു നില്‍ക്കുന്നു. കേരള കോൺഗ്രസിലെ ജോസഫ് ജോസ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം കൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു വ്യാപിക്കുകയാണ്. 

ചങ്ങനാശ്ശേരിയിലും കാഞ്ഞിരപ്പിള്ളിയിലും പോര് മുറുകിയതോടെ യുഡിഎഫ് നേതൃത്വവും വെട്ടിലായി. ഇരുവിഭാഗവും ഒന്നായി നിന്നകാലത്തുണ്ടാക്കിയ ധാരണയാണ് പോരിന് അടിസ്ഥാനം. ജോസ് വിഭാഗത്തിന്‍റെ സോഫി ജോസഫാണ് നിലവില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡന്‍റ്.  കഴിഞ്ഞ മാസം 20ന് പ്രസി‍ഡന്‍റ് സ്ഥാനം രാജിവെച്ച് ജോസഫ് വിഭാഗത്തിന് നല്‍കാമെന്നായിരുന്നു ധാരണ. ഈ ധാരണയാണ് ജോസ് വിഭാഗം ലംഘിച്ചത്. .നിലവിൽ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ട എന്നാണ് സോഫി ജോസഫിന് ജോസ് വിഭാഗം നൽകിയിരിക്കുന്ന നിർദേശം

കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍ കേരള കോണ്‍ഗ്രസിന് മൂന്നംഗങ്ങളാണ് ഉള്ളത്. ഇതില്‍ രണ്ട് പേര്‍ ജോസ് വിഭാഗത്താണെന്നാണ് അവകാശവാദം. തര്‍ക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ യുഡിഎഫിന്‍റെയും കോണ്‍ഗ്രസിന്‍റെയും ഇടപെടലാണ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തിലും ജോസഫ് വിഭാഗം എതിര്‍പ്പ് ശക്തമായി പ്രകടിപ്പിച്ചു.