മലയാള കഥയുടെ പെരുന്തച്ചന്‍ ടി.പത്മനാഭന് ഇന്ന് നവതി. കാര്‍ക്കശ്യമേറിയ നിലപാടുകളിലൂടെ കഥയുടെ പക്ഷത്തുനിന്ന് സാമൂഹിക യാഥാര്‍ഥ്യങ്ങളോട് പോരടിക്കുകയാണ് തൊണ്ണൂറിന്റെ ചെറുപ്പത്തില്‍ ഇദ്ദേഹം. കേരളത്തിലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ആശങ്കയോടെ കഥാകാരന്‍ പറയുന്നു. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചില്‍.
തൊള്ളായിരത്തി മുപ്പത്തിയൊന്ന് വൃശ്ചികത്തിലെ ഭരണി നക്ഷത്രത്തിലായിരുന്നു ടി.പത്മനാഭന്റെ ജനനം. ലാളിത്യം തുളുമ്പുന്ന കാമ്പുള്ള കഥകളിലൂടെ വായനക്കാരെ വിസ്മയിപ്പിച്ച് മലയാള സാഹിത്യ ലോകത്ത് ഇദ്ദേഹം സ്ഥാനം ഉറപ്പിച്ചു. നവതിയുടെ നിറവില്‍ നിന്നു നോക്കുമ്പോള്‍ ജീവിതം പൂര്‍ണ സംതൃപ്തമെന്ന് കഥാകാരന്‍.താന്‍ കാര്‍ക്കശ്യക്കാരനാണെന്ന് തുറന്ന് പറയാന്‍ പത്മാനാഭന് മടിയില്ല. ഇനിയുള്ള ജീവിതത്തില്‍ എന്ത് എഴുതണമെന്ന് തീര്‍ച്ചപ്പെടുത്തിയിട്ടില്ല.
സമകാലിക സാമൂഹിക യാഥാര്‍ഥ്യങ്ങളോട് എന്നും പോരടിച്ചിട്ടുണ്ട് മലയാള കഥയുടെ ഈ പെരുന്തച്ചന്‍. ഉന്നാവും, ഹൈദരബാദും മാത്രമല്ല നിലവില്‍ കേരളത്തിലും സ്ത്രിസുരക്ഷ വലിയ ചോദ്യമാണെന്ന് അദ്ദേഹം തുറന്ന് പറയുന്നു.പിറന്നാളുകള്‍ ആഘോഷമാക്കത്ത കഥാകാരന്‍ മരുമക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇക്കുറി പതിവ് മാറ്റി. ഈ മാസം ഇരുപത്തിയെട്ടിന് കണ്ണൂരിലാണ് ആഘോഷം.