puzha-19

നാലുപതിറ്റാണ്ടുമുന്‍പുവരെ ഇവിടൊരു പുഴയുണ്ടായിരുന്നു. മധുരംപുഴ. മണിമലയാറില്‍നിന്ന് തുടങ്ങി, മണിമലയാറില്‍തന്നെ ലയിക്കുന്ന കൈവഴി. പക്ഷെ, ചൂഷണങ്ങളില്‍ വീര്‍പ്പുമുട്ടി നീരൊഴുക്ക് നിലച്ചു, പുഴമരിച്ചു. പഴയ മധുരംപുഴയെ വീണ്ടുമൊഴുക്കാനാണ് പരിശ്രമം. രണ്ടുവര്‍ഷം മുന്‍പാരംഭിച്ച ജനകീയനീക്കങ്ങള്‍ക്ക് ലക്ഷ്യംകണ്ടുതുടങ്ങുന്നു. പുഴയെ വീണ്ടെടുക്കാന്‍ ഗ്രാമീണര്‍ ഒത്തുകൂടി.

 'ഇനി ഞാന്‍ ഒഴുകട്ടെ' പദ്ധതിയില്‍ വിവിധ സര്‍ക്കാര്‍വകുപ്പുകളും കൈകോര്‍ത്തു. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആറുകിലോമീറ്ററോളം ദൂരംവരുന്ന പുഴയുടെ ഭൂരിഭാഗംപ്രദേശവും കൈയ്യേറ്റമാണ്. തടസമില്ലാതെ ഒഴുകാന്‍ അതും തിരികെപിടിക്കണം. 

മധുരംപുഴയുടെ തീരം പക്ഷികൂട്ടങ്ങളുടെ താവളംകൂടിയാണ്. പുഴയില്‍ ബോട്ടിങ് അടക്കമുള്ള സൗകര്യങ്ങള്‍ കൊണ്ടുവന്നാല്‍ വിനോദസഞ്ചാരസാധ്യതകളും മുന്നിലുണ്ട്. അങ്ങനെ, പേരുപോലെതന്നെ മധുരംപുഴ, നാടിന് മധുരമാകുന്നൊരുകാലമാണ് നീരൊഴുക്കിന് വഴിവെട്ടുന്നവര്‍ സ്വപ്നംകാണുന്നത്.