സംസ്ഥാനത്തെ ആദ്യ ഓട്ടുകമ്പനിക്ക് താഴുവീണു. 141 വര്‍ഷം പഴക്കമുള്ള കമ്പനി ഇനിമുതല്‍ തുറന്നുപ്രവര്‍ത്തിക്കില്ലെന്ന് കാട്ടി കാലിക്കറ്റ് ഓട്ടുകമ്പനി– മാനേജ്മെന്‍റ് തൊഴിലാളി യൂണിയനുകള്‍ക്ക് നോട്ടീസ് നല്‍കി. ഇതോടെ കമ്പനിയെ ആശ്രയിച്ചുകഴിയുന്ന 185 കുടുംബങ്ങളാണ് പട്ടിണിയിലേയ്ക്ക് നീങ്ങുന്നത്.
ആവശ്യത്തിന് കളിമണ്ണ് ലഭ്യമല്ലാത്തതിനാല്‍ കമ്പനി അടച്ചുപൂട്ടുന്നുവെന്ന് കാട്ടി മാനേജ്്മെന്‍റ് പതിപ്പിച്ച നോട്ടീസാണിത്. ഇതിലേയ്ക്ക് നോക്കി നെടുവീര്‍പ്പിടാനേ ഇപ്പോള്‍ തൊഴിലാളികള്‍ക്കാകുന്നുള്ളൂ. കളിമണ്ണിന്‍റെ ലഭ്യതക്കുറവ് മാത്രമല്ല, വിദേശ ഓടുകളുടെ വരവും പരമ്പരാഗത ഓട് വ്യവസായത്തിന്‍റെ മരണമണി മുഴക്കി. അറുപത് ലക്ഷത്തോളം ഓടുകളാണ് ആദ്യകാലങ്ങളില്‍ ഉല്‍പ്പാദിപ്പിച്ചിരുന്നതെങ്കില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇതിന്‍റെ പത്തിലൊന്ന് പോലുമില്ല.
മുപ്പത് വര്‍ഷത്തിലേറെ അനുഭവ പരിചയമുള്ളവര്‍ ഇവിടെ ജോലി ചെയ്യുന്നു. ഇവരടക്കമുള്ളവര്‍ക്ക് കഴിഞ്ഞ രണ്ടുമാസമായി ശമ്പളം കിട്ടിയിട്ടില്ല. കമ്പനി പൂട്ടുമെന്നറിയിപ്പ് വന്നതോടെ കടം വാങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍. നിലവിലെ സ്ഥിതിയില്‍ മാറ്റമുണ്ടാവുകയും അസംസ്കൃത വസ്തുക്കള്‍ ലഭിക്കുകയും ചെയ്താല്‍ കമ്പനി വീണ്ടും തുറക്കാമെന്ന് മാനേജ്മെന്‍റ് പറയുന്നു. എന്നാല്‍ ഈ വാക്ക് വിശ്വസിച്ചാല്‍ ജീവിതം പെരുവഴിയിലാകുമോ എന്ന തൊഴിലാളികളുടെ ആശങ്കയ്ക്ക് ആര്‍ക്കും മറുപടിയില്ല.