സന്നിധാനത്ത് കനത്ത തിരക്ക് തുടരുന്നതിനിടയില്‍ സൂര്യഗ്രഹണം കണക്കിലെടുത്ത് ക്ഷേത്രനട നാളെ നാല് മണിക്കൂർ അടച്ചിടും. മാളികപ്പുറം , പമ്പ തുടങ്ങിയ ക്ഷേത്രങ്ങളിലും സമയക്രമം ബാധകമാണ്. തങ്ക അങ്കി ഘോഷയാത്ര നാളെ സന്നിധാനത്തെത്തുന്നതിനാല്‍ പമ്പ മുതല്‍ തീര്‍ത്ഥാടകര്‍ക്ക് ഭാഗിക നിയന്ത്രണമേർപ്പെടുത്തും.
നാളെ പുലർച്ചെ പതിവുപോലെ 3 മണിക്ക് നട തുറക്കും. ഇതിനു ശേഷം സൂര്യഗ്രഹണം കണക്കിലെടുത്ത് രാവിലെ 7.30 മുതൽ ക്ഷേത്രനട അടച്ചിടും. ഗ്രഹണം കഴിഞ്ഞ് 11.30നാണ് നട തുറക്കുന്നത്. പിന്നിട് പൂജകൾക്ക് ശേഷം നട വീണ്ടും അടയ്ക്കും.
തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തേക്കെത്തുന്നതും നാളെയാണ്. തീർത്ഥാടക തിരക്ക് കണക്കിലെടുത്ത് പമ്പയിലും സന്നിധാനത്തും ഭാഗിക നിയന്ത്രണമേർപ്പെടുത്തും.സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക് തുടരുകയാണ്. ഇതു വരെ 25 ലക്ഷത്തിലധികം തീർത്ഥാടകർ ദർശനം നടത്തിയെന്നാണ് ഔദ്യോഗിക കണക്ക്. വെള്ളിയാഴ്ച തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജകള്‍ക്കുശേഷം രാത്രി 10 മണിയ്ക്ക് നട അടയ്ക്കും.