ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട തുള്ളലിനുള്ള  അമ്പലപ്പുഴ സംഘം യാത്ര തുടങ്ങി. ആചാരപരമായ ചടങ്ങുകൾ നടത്തിയാണ് മുന്നൂറിൽപ്പരം അയ്യപ്പന്മാരും മാളികപ്പുറവും അടങ്ങുന്ന സംഘം പേട്ടതുള്ളലിനായി പുറപ്പെട്ടത്.

രാവിലെ ഏഴിന്  അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നിന്നാണ് രഥഘോഷയാത്ര ആരംഭിച്ചത്. സമൂഹപ്പെരിയോൻ  കളത്തിൽ ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിലാണ് പത്തുനാൾ നീണ്ടു നിൽക്കുന്ന തീർത്ഥാടനത്തിനുള്ള സംഘം പുറപ്പെട്ടത്. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ ദേശക്കാർ 51 ദിവസത്തെ വ്രതമെടുത്ത് ,50 ദിവസത്തെ അന്നദാനവും വിവിധ ക്ഷേത്രങ്ങളിൽ ആഴീ പൂജയും നടത്തിയ ശേഷമാണ് തീർത്ഥാടനം തുടങ്ങുന്നത്. കിഴക്കേ ഗോപുരനടയിൽ വെച്ച് പൂജിച്ച സ്വർണത്തിടമ്പ് മേൽശാന്തി കേശവൻ നമ്പൂതിരി സമൂഹപ്പെരിയോന് കൈമാറി. തുടർന്ന് പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച രഥത്തിൽ എഴുന്നെള്ളിച്ചാണ് യാത്ര തിരിച്ചത്.

രഥയാത്രക്ക് വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണം  നൽകും.10 നാണ്  മണിമലയിൽ ആഴീപൂജ. 12 ന് പേട്ടകെട്ടും. പേട്ട തുള്ളലിന് ശേഷം 14 ന് പമ്പാ സദ്യയും  മകരവിളക്ക് ദിവസം നെയ്യഭിഷേകവും  മഹാനിവേദ്യവും നടത്തും. പത്തുനാൾ നീളുന്ന തീർത്ഥാടനത്തിന് സമാപനം കുറിച്ച്  17 നാണ് സംഘം  മടങ്ങിയെത്തുക.