80കളില്‍ തരംഗിണിക്കൊപ്പം ചേര്‍ന്ന് ഓണപ്പാട്ടുകളും ലളിതഗാനങ്ങളും അടക്കം യേശുദാസിന്‍റെ 270 ഗാനങ്ങള്‍ ഒരുക്കിയ ആലപ്പി രംഗനാഥ് ആ കാലത്തെ ഓര്‍ത്തെടുക്കുകയാണ്. ദാസിന്‍റെ ശബ്ദസുഖത്തെ അത്രമാത്രം അടുത്തറിഞ്ഞിട്ടുള്ള ഒരാളെന്ന നിലയ്ക്ക് തൊണ്ണൂറും നൂറും കടന്ന് യേശുദാസ് ഇതേപോലെ പാടിക്കൊണ്ടിരിക്കുമെന്ന് ദാസിന്‍റെ 80ാം പിറന്നാളില്‍ ആലപ്പി രംഗനാഥ് ഉറപ്പിച്ചുപറയുന്നു. 

80കളുടെ തുടക്കത്തിലാണ് ആലപ്പി രംഗനാഥ് യേശുദാസിനെ കണ്ടുമുട്ടുന്നതും അദ്ദേഹത്തിന്‍റെ റെക്കോര്‍ഡിങ് കമ്പനിയായ തരംഗിണിയില്‍ സ്റ്റാഫ് മ്യൂസിക് ഡയറക്ടറായി ചുമതലയേല്‍ക്കുന്നതും. പിന്നെ ആലപ്പി യേശുദാസ് കൂട്ടുകെട്ടില്‍ പിറന്ന ഉല്‍സവഗാനങ്ങള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും കൈയ്യും കണക്കുമില്ല. ആ സ്വരത്തിന്‍റെ ശ്രേഷ്ഠഗുണങ്ങളത്രയും ആലപ്പി രംഗനാഥിന് മനപാഠമാണ്.

സിനിമകളില്‍ ചേക്കേറി കുറെ കഴിഞ്ഞാണ് ദാസിനെകൊണ്ട് ഒരു പാട്ട് പാടിക്കാനായത്. പിന്നെ ആ സൗഹൃദം തരംഗിണിയിലെത്തിച്ചു. ഈസോപ്പ് കഥകളടക്കം പാട്ടുകളായി. തരംഗിണി കുട്ടികളെയും കൂടെപ്പാടിച്ചു. നിറയോ നിറ നിറയോ, നാലുമണിപ്പൂവേ... തുടങ്ങിയ ഉല്‍വസപ്പാട്ടുകള്‍, സ്വാമി സംഗീതമാലപിക്കും എന്ന ഭക്തിഗാനം അനശ്വരഗാനങ്ങളുടെ കൂട്ടത്തിലേക്ക് പാടിക്കയറി. യേശുദാസ് ഇനിയും പാടും..പാടിക്കൊണ്ടേയിരിക്കും..