തൃശൂർ മുല്ലക്കരയിൽ വിതരണം ചെയ്ത റേഷനരിയിൽ ചെള്ളിന്റെ പ്രവാഹം. ബിപിഎൽ കാർഡുടമയായ പാറമേൽ അമ്മിണിക്ക് (75) ക്ക് ലഭിച്ച 28 കിലോ അരിയാണ് ജീവനുള്ള ചെള്ള് നിറഞ്ഞ നിലയിൽ കണ്ടത്. മേഖലയിലെ മറ്റ് പല കാര്‍ഡുടമകൾക്ക് ലഭിച്ചതും ഇതേ അരി തന്നെ. സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിക്കും ഡയറക്ടർക്കും അരി തപാലിലൂടെ അയച്ചുകൊടുക്കാനാണ് കാർഡുടമകളുടെ നീക്കം.
മൂന്ന് മാസം മുൻപ് കുരിയച്ചിറയിലെ ഗോഡൗണിൽ നിന്ന് കടകളിലെത്തിച്ച റേഷൻ ഗോതമ്പും അരിയും ചെള്ള് നിറഞ്ഞതുമൂലം ഏറ്റെടുക്കാൻ റേഷൻ കടക്കാർ വിസമ്മതിച്ചിരുന്നു. ഇതേ ഗോഡൗണിൽ നിന്ന് കടകളിലേക്കയച്ച് നാല് ലോഡ് ഗോതമ്പ് പുഴുവരിച്ചതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യകമ്മീഷൻ ഇടപെട്ട് എഫ്സിഐ ഗോഡൗണിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാലം തവണയാണ് സമാനസംഭവം ആവർത്തിക്കുന്നത്.
കാലടിയിലെ മില്ലിൽ നിന്നെത്തിച്ച രണ്ട് ലോഡ് മട്ടയരിയും കീടങ്ങൾ നിറഞ്ഞ നിലയിൽ കണ്ടെത്തി. ഇവയും തിരിച്ചയപ്പിച്ചു. അരിയിൽ ചെള്ള് നുരയ്ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സിവിൽ സപ്ലൈസ് വകുപ്പിനു ലഭിച്ചിട്ടുണ്ട്.
‘പത്ത് കിലോ അരിക്കൊപ്പം രണ്ടു കിലോ ചെള്ള് വിതരണം ചെയ്യപ്പെടുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വകുപ്പ് അധികൃതർക്ക് വിഡിയോ ദൃശ്യങ്ങൾ ലഭിച്ചത്.