ക്ഷേത്ര മതിലില്‍ ചോരക്കറ. എന്തോ പേരുകളാണ് ചോര കൊണ്ട് എഴുതാന്‍ ശ്രമിച്ചത്. ക്ഷേത്ര മതിലില്‍ ചോര കണ്ടതോടെ നാട്ടിലാകെ സംസാര വിഷയമായി. തൃശൂര്‍ വടക്കേക്കാട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പത്തു ദിവസം മുമ്പായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ ആചാരങ്ങള്‍ തകര്‍ക്കാനായിരുന്നു ഈ ചോരക്കളിയെന്ന് നാട്ടിലാകെ പരന്നു. പൊലീസിന് തലവേദനയായി. വടക്കേക്കാട് എസ്.ഐ അന്വേഷണം തുടങ്ങി. നാട്ടില്‍ കലാപം ഉണ്ടാകുമോയെന്ന് പൊലീസിന് ആശങ്ക. കേസ്, കുന്നംകുളം എ.സി.പി: ടി.എസ്.സിനോജ് ഏറ്റെടുത്തു. മതിലില്‍ എഴുതിയത് എന്താണെന്ന് കണ്ടെത്താനായിരുന്നു പൊലീസിന്റെ ശ്രമം.
മതിലില്‍ എഴുതിയത് പേരുകള്‍
മതിലില്‍ പാറക്കഷണം കൊണ്ട് പേരുകള്‍ കോറിവരച്ചു. ഇതിനു മീതെ, ചോര കൊണ്ടെഴുതി. പേരുകള്‍ സൂക്ഷ്മ വിശകലനം നടത്തി പൊലീസ് കണ്ടെത്തി. ഈ പേരുകള്‍ ഉള്ള ആരൊക്കെയാണ് നാട്ടിലുള്ളതെന്ന് തിരക്കി. അങ്ങനെ, പെണ്‍കുട്ടിയേയും ആണ്‍കുട്ടിയേയും കണ്ടെത്തി. പെണ്‍കുട്ടി പത്താംക്ലാസുകാരി. ആണ്‍കുട്ടിയാണെങ്കില്‍ പതിനെട്ടുകാരന്‍. പത്താംക്ലാസുകാരിയോട് കടുത്ത പ്രേമം. പതിനെട്ടുകാരന്‍ നിരന്തരം പത്താംക്ലാസുകാരിയെ ശല്യപ്പെടുത്തി. പെണ്‍കുട്ടി നേരെ ആങ്ങളമാരോട് കാര്യം പറഞ്ഞു. ആങ്ങളമാര്‍ പതിനെട്ടുകാരനെ നേരില്‍ കണ്ടു. ശക്തമായി ‘താക്കീത്’ ചെയ്തു.
താക്കീത് ചൊടിപ്പിച്ചു, ദേഷ്യം
പെണ്‍കുട്ടിയുടെ ഇഷ്ടം ഏതുവിധേനയും സ്വന്തമാക്കണമെന്നായിരുന്നു ഈ പതിനെട്ടുകാരന്‍റെ ആഗ്രഹം. ആങ്ങളമാരുടെ ഭീഷണി കൂടി വന്നതോടെ പ്രണയം ഇരട്ടിയായി. പെണ്‍കുട്ടിയെ ഒന്ന് ഇംപ്രസ് ചെയ്യണം. അതിനായി പലവിധ ആശയങ്ങള്‍ മനസില്‍ വന്നു. പെണ്‍കുട്ടിയുടേയും തന്റേയും പേരുകള്‍ ചോര കൊണ്ടെഴുതാന്‍ തീരുമാനിച്ചു. പെണ്‍കുട്ടി നടന്നുപോകുന്ന വഴിയില്‍ മതിലില്‍തന്നെ എഴുതാന്‍ തീരുമാനിച്ചു.
പാറക്കഷണവും ചോരയും
ഒരു പാറക്കല്ലിന്റെ കഷണമെടുത്ത് മതിലില്‍ പേരുകള്‍ എഴുതി. ഇതിനു പിന്നാലെ, ചോര കൊണ്ട് പേരുകള്‍ കടുപ്പിച്ചു. മതിലില്‍ ആകെ ചോരയുമാക്കി. ഇങ്ങനെ, പ്രണയത്തിന്റെ തീവ്രത പെണ്‍കുട്ടിയെ ബോധ്യപ്പെടുത്താന്‍ പതിനെട്ടുകാരന്‍ കാട്ടിയ സാഹസമായിരുന്നു ഇത്. രാത്രിയില്‍ ആരും കാണാതെ ഇതെഴുതിയ സമയത്ത്, ക്ഷേത്രത്തിന്റെ മതിലാണെന്ന് യുവാവ് ശ്രദ്ധിച്ചതുമില്ല.
ചോരയുടെ ഉടമ ആര്..?
ക്ഷേത്ര മതിലില്‍ കണ്ട ചോര പൊലീസ് പരിശോധിക്കാന്‍ കൊടുത്തു. മനുഷ്യന്‍റെ ചോരയല്ലെന്ന് പൊലീസ് കണ്ടെത്തി. ഏതോ മൃഗത്തിന്റെ ചോരയാണെന്നായിരുന്നു വിദഗ്ധാഭിപ്രായം. മതിലില്‍ എഴുതിയ വിളിപ്പേരുള്ള ആരെങ്കിലും ഇറച്ചിക്കടയില്‍ ജോലി ചെയ്യുന്നുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു. അന്വേഷണം ഫലം കണ്ടു. ഇറച്ചിക്കടയില്‍ സഹായിയായി ഈയിടെ വന്ന പയ്യനെ പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തു. അങ്ങനെയാണ്, ഇറച്ചിക്കടയിലെ കോഴിയെ അറുത്തപ്പോഴുള്ള ചോര തുണിയിലാക്കിയാണ് പയ്യന്‍ ഈ പണി പറ്റിച്ചത്. തുണിയും മതിലിന്റെ പരിസരത്തു നിന്ന് കണ്ടെടുത്തു.
പൊലീസിന് ആശ്വാസം
പ്രേമം തോന്നിയ പെണ്‍കുട്ടിയുടെ അലിവ് പിടിച്ചുപറ്റാന്‍ യുവാവിന് തോന്നിയ ഈ ചോരക്കളി നാട്ടില്‍ കലാപമുണ്ടാകാതെ പോയതിന്റെ ആശ്വാസമുണ്ട് പൊലീസിന്. രണ്ടു വകുപ്പുകള്‍ പ്രകാരം യുവാവിനെ അറസ്റ്റ് ചെയ്തു. നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു. സ്വകാര്യ മതില്‍ കേടുവരുത്താന്‍ ശ്രമിച്ചു. ജാമ്യമില്ലാ വകുപ്പാണ് ആദ്യത്തേത്. തല്‍ക്കാലം ജയിലില്‍ പോകണം.