ഫോട്ടോ: അരുൺ കടയ്ക്കൽ

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ 56 ദിവസം നീണ്ട മുറജപത്തിനു ലക്ഷദീപത്തോടെ സമാപനം. ദീപപ്രഭയില്‍ ക്ഷേത്രം സ്വര്‍ണാഭമായി. ആറു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ദീപകാഴ്ച ഭക്തരുടെ മിഴിയിലും മനസിലും അനുഗ്രഹ പ്രകാശമായി.

ഇരുനൂറോളം വൈദികര്‍ ഋക്,യജുര്‍,സാമ വേദമന്ത്രങ്ങള്‍ ഉരുക്കഴിച്ച് നടത്തിയ  56 ദിവസം നീണ്ട മുറജപത്തിനാണ് ലക്ഷദീപത്തോടെ സമാപനമായത്. സന്ധ്യക്ക് ശ്രീകോവിലില്‍ നിന്നു പകര്‍ന്ന അഗ്നിനാളം മതിലകത്ത് എള്ളെണ്ണയില്‍ തിരിയിട്ട ചിരാതിലേക്ക് പകര്‍ന്നു. തുടര്‍ന്ന് ഇടിഞ്ഞിലുകള്‍,കമ്പ വിളക്കുകള്‍,തട്ടിവിളക്കുകള്‍ എന്നിവയിലേക്ക് വിളക്ക് നാളം പകര്‍ന്നു.മകര സംക്രമ ദിവസം തെളിഞ്ഞ ലക്ഷദീപത്തില്‍ ക്ഷേത്രവും പരിസരവും വര്‍ണാഭമായി. 

ക്ഷേത്രത്തിനകത്തും  പുറത്തും  പദ്മതീര്‍ഥക്കരയിലുമായി ആയിരങ്ങളാണ് ദീപാലങ്കാരം കാണാന്‍ എത്തിയത്.  വിളക്കിനു അകമ്പടിയായി കുലവാഴകളും പൂക്കളും കൊണ്ട് നാലുനടകളും അലങ്കരിച്ചിരുന്നു. 

ക്ഷേത്രത്തിനു നാലു വശത്തേക്കുള്ള വീഥിയില്‍ വിവിധ ഭക്തജനസംഘങ്ങളുടേയും വ്യാപാരി വ്യവസായി സംഘങ്ങളുടേയും നേതൃത്വത്തില്‍ അലങ്കരിച്ചു.  ലക്ഷദീപത്തിനോടനുബന്ധിച്ചുള്ള ,ക്ഷേത്രത്തിനുള്ളിലേയും പുറത്തുമുള്ള ദീപാലങ്കാരം രണ്ടുദിവസം കൂടി നിലനിര്‍ത്തും