ഒരു ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ എന്തെല്ലാം കാണാനാകും? ഒരുക്കിയിരിക്കുന്ന സജ്ജീരണങ്ങളുടെ പട്ടിക നിരത്തുമ്പോൾ അതിൽ രാജ്യത്തിന്റെ ഭരണഘടനയുടെ ആമുഖവും കാണാൻ കഴിഞ്ഞാലോ. അത്തരത്തിലൊരു ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കൂറ്റനാട് തൃത്താല റോഡിൽ വി.ടി ബൽറാം എംഎൽഎയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമിച്ചതാണ് ഇൗ ബസ് കാത്തിരിപ്പുകേന്ദ്രം. ഇവിടെ വ്യക്തിയുടെ പേരുകൾ കൊത്തി വയ്ക്കുന്നതിന് പകരം  ഇന്ത്യൻ ഭരണഘടനയുടെ ആമുഖമാണ് സ്വർണ്ണ ലിപികളിൽ ആലേഖനം ചെയ്തത്.

സാധാരണ ഉദാഘാടനയോഗത്തിൽ പങ്കെടുക്കുന്നവരുടെ പേരുകൾ കൊത്തി വയ്ക്കുന്നിടത്താണ് ഭരണഘടനയുടെ ആമുഖം വച്ചിരിക്കുന്നത്. വേറിട്ട പ്രതിഷേധത്തിനും മികച്ച ആശയത്തിനും സമൂഹമാധ്യമങ്ങളിൽ കയ്യടി ഉയരുകയാണ്. ഒട്ടേറെ പേരാണ് ഇൗ ചരിത്ര ബസ് സ്റ്റോപ്പിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. 

നെൽസൺ ജോസഫിന്റെ കുറിപ്പ് വായിക്കാം: 

‘ഇതൊരു ബസ് കാത്തിരിപ്പുകേന്ദ്രമല്ല.പുതിയൊരു വഴി തെളിക്കൽ തന്നെയാണ്. കൂറ്റനാട് തൃത്താല റോഡിലെ ഈ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ ശിലാഫലകത്തിൽ എഴുതിയിരിക്കുന്നത് സാധാരണ പോലെ യോഗത്തിൽ പങ്കെടുത്തവരുടെ പേരുകളല്ല. ഇന്ത്യൻ ഭരണഘടനയുടെ ആമുഖമാണ് സുവർണലിപികളിൽ ആലേഖനം ചെയ്തിരിക്കുന്നത്.

ഒരുപക്ഷേ മറ്റാര് ചെയ്താലും, മറ്റ് ഏതൊരു പാർട്ടി ചെയ്താലും കയ്യടികൾ താനേ വരുമായിരുന്നൊരു തീരുമാനവും പ്രവൃത്തിയുമാണ്. പേരല്ല, ഭരണഘടനയാണ് ആവശ്യമെന്ന്, മുഖ്യമെന്ന് തിരിച്ചറിയുന്നതും അതു സുവർണലിപികളിൽ ആലേഖനം ചെയ്യപ്പെടുന്നതും ഇന്നിൻ്റെ ആവശ്യമാണ്. ഭരണഘടനയെ മായ്ക്കാനും അപ്രസക്തമാക്കാനും ശ്രമിക്കുന്നവർക്ക് മുഖത്തു നോക്കിയുള്ളൊരു മറുപടി..

അഭിവാദ്യങ്ങൾ