ജമീല മാലിക്കിന്റെ മൃതദേഹം ആംബുലൻസിൽ ആശുപത്രിയിൽ നിന്നു കൊല്ലത്തെ വീട്ടിലേക്ക് സഞ്ചരിച്ച സമയത്തുതന്നെ മകൻ അൻസറും മറ്റൊരു യാത്രയിലായിരുന്നു. ഇന്നലെവരെ   ഉമ്മയ്ക്കൊപ്പം കഴി‍ഞ്ഞ  പാലോട്ടെ വീട്ടിൽനിന്ന് ഇതുവരെ കാണാത്ത ഒരു അനാഥാലയത്തിലേക്ക്. അതും തന്റെ ഏക ആശ്രയമായിരുന്ന ഉമ്മ ഇനിയില്ലെന്ന തിരിച്ചറിവില്ലാതെ. നാളെ തനിക്ക് ഇനി  തുണയായി ആരുണ്ടെന്ന നിശ്ചയമില്ലാതെ. ജമീലയുടെ വേദന നിറഞ്ഞ ജീവിത ചലച്ചിത്രത്തിന്റെ അന്ത്യരംഗങ്ങളിൽ കണ്ണീരു പൊടിയുന്ന ഒരു ഏടുകൂടി ചേർക്കാൻ വിധി ക്രൂരമായ നാടകീയതയോടെ തീരുമാനിച്ചതു പോലെ.

 

രാവിലെ നഗരത്തിൽ പോയി വൈകിട്ട് പതിവായി മടങ്ങിയെത്തുന്ന ഉമ്മ മടങ്ങിയെത്താത്ത ഒരു രാത്രി മുഴുവൻ തനിയെ പേടിച്ചു വിറച്ചും പട്ടിണിയിലും കഴിഞ്ഞതിന്റെ പരിഭ്രാന്തി കൂടിയുണ്ടായിരുന്നു അൻസറിന്. ഭിന്നശേഷിയുള്ളയാളാണ്  അൻസർ മാലിക്ക്. പ്രായമേറിയിട്ടും ബുദ്ധിയുടെ പരിമിതികളിൽ കുഴങ്ങുന്ന മാലിക്കിനെ വേദന ഉള്ളിലടക്കി ജമീല മാറോടു ചേർത്തു പിടിച്ചു ജീവിച്ചു. എന്നും രാവിലെ  തലസ്ഥാന നഗരത്തിൽ പോയി വീടുകളിൽ കുട്ടികൾക്ക് ട്യൂഷൻ എടുത്തു രാത്രി മടങ്ങിയെത്തുകയായിരുന്നു ജമീല.  ഉമ്മ വീട്ടിൽ നിന്നിറങ്ങി ഇടവഴിയിലൂടെ നടന്നു മറയുന്നത് കണ്ണുചിമ്മാതെ നോക്കിനിൽക്കുന്ന കാഴ്ച നാട്ടുകാർക്കെല്ലാം ചിരപരിചിതമായിരുന്നു.

 

മകന് മൂന്നു നേരത്തെ ഭക്ഷണം പാലോട്ടെ ഹോട്ടലിൽ ഏർപ്പാടാക്കിയിട്ടാണ് എന്നും ജമീല ഭക്ഷണത്തിനു വക തേടിയുള്ള യാത്ര തുടങ്ങുക. ഉമ്മ കാഴ്ചയിൽ നിന്നു മറഞ്ഞാൽ പകൽ  അധിക സമയവും  അൻസർ വീട്ടിനുള്ളിലാണ്. ഭക്ഷണം വരുമ്പോൾ അത് പുറത്തിറങ്ങി എടുക്കും. എന്നാൽ തിങ്കളാഴ്ച രാവിലെ നഗരത്തിലേക്കു പോയ ജമീല  മടങ്ങിവന്നില്ല. അയൽപക്കക്കാരോ നാട്ടുകാരോ രാത്രിയിലെ മരണം അറിഞ്ഞില്ല. ഉമ്മയെ കാണാതെ തളർന്ന് അൻസർ ഒരു രാത്രി തനിയെ കഴിഞ്ഞിട്ടുണ്ടാവണം.

 

ഇന്നലെ പകൽ മരണവാർത്തയറിഞ്ഞ അയൽവാസികൾ അൻസറിനെ വിളിച്ചെങ്കിലും വീട് തുറന്നില്ല. വിവരം പറഞ്ഞില്ലെങ്കിലും അപരിചിതമായത് എന്തോ സംഭവിക്കുന്നു എന്ന തിരിച്ചറിവിലാകണം അൻസർ പകച്ചു. പിന്നീട് വൈകിട്ട് നാലു വരെയും അൻസറിന്റെ ശബ്ദം പുറത്തു വന്നില്ല, ഉച്ചഭക്ഷണം എടുക്കാനും പുറത്തിറങ്ങിയില്ല.

 

വീട്ടിലെത്തിയ മാധ്യമ പ്രവർത്തകർ അറിയിച്ചതിനെത്തുടർന്ന് പാലോട് സിഐ സി.കെ. മനോജിന്റെ നേതൃത്വത്തിൽ  പൊലീസും പാപ്പനംകോട് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും എത്തി  ഏറെ വിളിച്ചു.  മറുപടിയില്ലാഞ്ഞ് പൊലീസ് വാതിൽ പൊളിച്ചു അകത്തു കടന്നു  അപ്പോൾ തോൾ സഞ്ചിയുമായി  പേടിച്ചുവിറച്ചു  മുറിയുടെ മൂലയിൽ ഒതുങ്ങി നിൽക്കുകയായിരുന്നു ആ മകൻ. ആശ്വസിപ്പിച്ചപ്പോൾ ഭക്ഷണം കഴിച്ചു. പിന്നീട്  വട്ടപ്പാറയിലെ  സെന്റ് ഇഗ്ന്യേഷ്യസ് ചാരിറ്റി സെന്ററിലേക്ക് മാറ്റി.

 

പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയം പഠിച്ചിറങ്ങിയ ആദ്യ മലയാളി വനിതയാണ് ജമീല മാലിക്. 1972 ൽ പുറത്തിറങ്ങിയ റാഗിങ് ആണ് ആദ്യ ചിത്രം. തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തിരുവന്തപുരം പാലോട് ബന്ധുവിന്റെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.

 

ജി.എസ് പണിക്കര്‍ സംവിധാനം ചെയ്ത പാണ്ഡവപുരത്തിലെ ദേവി ടീച്ചര്‍ എന്ന കഥാപാത്രമാണ് ജമീലയുടെ ശ്രദ്ധേയമായ വേഷം. 1946-ൽ ആലപ്പുഴയിലെ മുതുകുളത്തായിരുന്നു ജമീല മാലിക്കിന്‍റെ ജനനം. 1970ഓടെ ചലച്ചിത്രരംഗത്ത് എത്തിയ ജമീല മാലിക്ക് അടൂർ ഭാസി, പ്രേംനസീർ എന്നിവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.