ksmanilal

TAGS

ഹോര്‍ത്തൂസ് മലബാറിക്കസ്  മലയാളത്തിലാക്കിയ  സസ്യശാസ്ത്രജന്‍ പ്രഫസര്‍ കെ.എസ്.മണിലാല്‍ കോഴിക്കോട്ടെ വീട്ടിലിരുന്ന് പത്മശ്രീ പുരസ്ക്കാരത്തിന്റെ  അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. പഠിച്ചതിലേറെയും എഴുതാതിരുന്ന ഇദ്ദേഹത്തിന്റെ അറിവിന്റെ പരാവാരത്തിന്  സമര്‍പ്പിക്കണം  ഇക്കൊല്ലത്തെ ദേശീയപുരസ്ക്കാരം.

എന്നെങ്കിലും പുസ്തകം എഴുതുകയാണെങ്കില്‍ അത് ഹോര്‍ത്തൂസ് മലബാറിക്കസിനെ കുറിച്ചാകണമെന്നായിരുന്നു അമ്മയുടെ വാക്കുകള്‍.അഛന്റെ വിവരശേഖരണത്തിലും കൂടുതല്‍ കേട്ടത് ഇതിനെ കുറിച്ചുതന്നെയായിരുന്നു.പിന്നീട് ഈ ആവശ്യം പൂര്‍ത്തീകരിക്കാന്‍ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും മാറ്റിവച്ചു മകന്‍ കാട്ടുങ്ങല്‍ സുബ്രഹ്മണ്യന്‍ മണിലാലെന്ന കെ.എസ് മണിലാല്‍.ലാറ്റിന്‍ ഭാഷയിലുള്ള ഹോര്‍ത്തൂസ് മലബാറിക്കസ് ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും മൊഴിമാറ്റി. സസ്യശാസ്ത്ര ലോകത്തിന് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമാണ് പത്മശ്രീ. കഴിഞ്ഞ 14 വര്‍ഷമായി ഒരു ഭാഗം തളര്‍ന്ന് ചക്രകസേരയിലാണ് അദ്ദേഹമുള്ളത്. 

കാലിക്കറ്റ് സര്‍വകലാശാലയില്‍ ബോട്ടണി അധ്യാപകനായി ജോലിചെയ്യുന്നതിനിടെയാണ് ഇതിന്റെ ഭൂരിഭാഗം ജോലികളും പൂര്‍ത്തിയാക്കിയത് നെതര്‍ലന്‍ഡ് സര്‍ക്കാറിന്റെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ ഒാഫിസര്‍ ഇന്‍ ദ ഒാര്‍ഡര്‍ ഒാഫ് ഒാറഞ്ച് നാസ്സൗ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചു. ഹോര്‍ത്തൂസ് മലബാറിക്കസിനെ കുറിച്ചറിയാനുള്ള യാത്രക്കിടെ പാലക്കാട്ടെ സൈലന്റ് വാലിയിലെ സസ്യസമ്പത്തുകളെ കുറിച്ചും അദ്ദേഹം പഠിച്ചു.സസ്യലോകത്തെ കുറിച്ചുള്ള നിരവധി പുസ്തകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്