roopasree-murder

മിയ്യപദവ് : ‘അവരെ ഞങ്ങൾക്കു വിട്ടു തരൂ, നിങ്ങൾ കൊണ്ടു പോയാൽ തീറ്റി പോറ്റും, പിന്നിട് സുഖമായി ഇറങ്ങി വരും, അങ്ങനെയാക്കരുത്,  പാവം ടീച്ചറെ കൊന്നവരെ വെറുതെ വിടരുത്.’ മിയ്യപദവ് സ്കൂളിലെ അധ്യാപികയായ ബി.കെ.രൂപശ്രീയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇതേ സ്കൂളിലെ ചിത്രകലാധ്യാപകൻ കെ.വെങ്കിട്ടരമണയെയും സുഹൃത്ത് കെ.നിരഞ്ജൻകുമാറിനെയും തെളിവെടുപ്പിനായി മീയ്യപദവിലെ വീട്ടിലെത്തിച്ചപ്പോൾ മലയാളവും തുളുവും കന്നഡയും കലർന്ന കലർന്ന ഭാഷയിൽ നാട്ടുകാരുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

 

രാവിലെ തന്നെ തെളിവെടുപ്പിനായി എത്തുമെന്ന വിവരമറിഞ്ഞ് നാട്ടുകാർ മീയ്യപദവ് ടൗണിൽ ആളുകൾ നേരത്തെ കൂടിയിരുന്നു. പ്രതികളുമായുള്ള പൊലീസ് വാഹനം പ്രധാന റോഡിൽ നിന്ന് അധ്യാപകന്റെ വീട്ടിലേക്കു തിരിയുന്നത് കണ്ട് പിന്നാലെ കൂട്ടമായി വാഹനങ്ങളിലും മറ്റുമായി നാട്ടുകാരുമെത്തി.  അധ്യാപകന്റെതായിരുന്നു ആ വളപ്പിലെ അവസാന വീട്. പ്രതികളെ അറസ്റ്റ് ചെയ്ത ദിവസം ഗേറ്റും വീടും പൂട്ടി താക്കോൽ പൊലീസിന്റെ കയ്യിലായിരുന്നു.

 

ഗേറ്റ് തുറക്കുന്നതു വരെ റോഡിൽ നിർത്തിയിട്ട വാഹനത്തിന്റെ അടുത്തെത്തി പ്രതികൾക്കു നേരെ നാട്ടുകാർ അസഭ്യം ഉയർത്തി. ഗേറ്റ് തുറന്നു ഇരു വാഹനവും വീട്ടു വളപ്പിൽ കയറ്റിയപ്പോൾ നാട്ടുകാരെ തടഞ്ഞ് പൊലീസുകാർ ഗേറ്റ് പൂട്ടി. പിന്നിട് മറ്റു വഴികളിലൂടെ നാട്ടുകാരെത്തിയെങ്കിലും പൊലീസ് ഇവരെ മാറ്റി. ആദ്യം നിരഞ്ജനകുമാറിനെയാണ് വാഹനത്തിൽ നിന്നിറക്കി തെളിവെടുപ്പിനായി വീട്ടിലെത്തിച്ചത്.നടത്തിയ ഓരോ കാര്യങ്ങളും പ്രതിയിൽ നിന്നു അന്വേഷണ സംഘം ചോദിച്ചു രേഖപ്പെടുത്തി.

 

അരമണിക്കൂറിനുള്ളിൽ സംഭവങ്ങൾ ഡിവൈഎസ്പി എ.സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസിനോട് വിവരിച്ചു നൽകി. പ്രതിയെ വീട്ടിലേക്ക് കയറ്റുമ്പോഴും ഇറക്കുമ്പോഴും നാട്ടുകാർ കൂക്കി വിളിച്ചു. തെളിവെടുപ്പ് പൂർത്തിയാക്കിതിനു ശേഷം നിരഞ്ജനെ വാനിലാക്കിയിട്ടാണ് അധ്യാപകനെ ജീപ്പിൽ നിന്ന് ഇറക്കിയത്. കൃത്യം നിർവഹിച്ചതിനു ശേഷം പറമ്പിൽ വച്ച് വസ്ത്രം കത്തിച്ചതും കാണിച്ചു കൊടുത്തു. പിന്നിട് മുൻവശത്തെ വാതിലൂടെ വീട്ടിനകത്ത് കയറ്റി ഏറെ സമയം ചോദ്യം ചെയ്തു.  

 

രൂപശ്രീയുമായി കാർ വീട്ടു മുറ്റത്ത് നിർത്തിയിട്ട് ആദ്യം ഞാനിറങ്ങി വാതിൽ തുറന്നതിനു ശേഷമാണ് രൂപശ്രീയെ വീട്ടിലേക്ക് കയറ്റിയതെന്ന് പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞു. പിന്നിട് കൊല നടന്ന കുളിമുറിയിലെത്തിച്ചാണ് തെളിവെടുത്തത്. അരമണിക്കൂറിലേറെ ചോദ്യം ചെയ്യുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. വീട്ടിൽ നിന്നിറക്കി വാഹനത്തിൽ കയറ്റുമ്പോൾ നാട്ടുകാരുടെ പ്രതിഷേധം ആളിക്കത്തി. വീടിന്റെ മുകളിലും പൊലീസ്  പരിശോധന നടത്തി.

 

തെളിവെടുപ്പ് ആദ്യം ദുർഗിപള്ളയിൽ

 

16ന് ഹൊസങ്കടിയിൽ വിവാഹചടങ്ങിൽ പങ്കെടുത്തിനു ശേഷം സ്കൂട്ടറിൽ വരുകയായിരുന്ന ബി.കെ.രൂപശ്രീയെ സഹപ്രവർത്തകനായ കെ.വെങ്കിട്ടരണ കാറിൽ പിൻതുടർന്നത് ആനക്കൽ റൂട്ടിലെ ഹൊസങ്കടിക്കടുത്തെ പെട്രോൾ പമ്പിലെ സിസിടിവി ക്യാമറയിൽ കണ്ടിരുന്നു.

 

രൂപശ്രീയുടെ ഇരുചക്രം വാഹനം ദുർഗിപള്ളയിൽ നിർത്തിയിട്ട നിലയിലായിരുന്നു. ‌ ഇതിനു ശേഷം അധ്യാപകന്റെ കാറിൽ കയറ്റി പിറകിലെ സീറ്റിൽ കിടന്നാണ് അധ്യാപിക വീട്ടിലെത്തിയതെന്നാണ് അധ്യാപകന്റെ മൊഴി. ഇതേ തുടർന്നു ആദ്യം പ്രതികളുമായി ദുർഗിപള്ളയിലെത്തി തെളിവെടുത്തു.  അറസ്റ്റ് ചെയ്യുമ്പോൾ ഉണ്ടായിരുന്ന അതേ വേഷമായിരുന്നു തെളിവെടുപ്പിനായി എത്തിച്ചപ്പോഴും പ്രതികൾ ധരിച്ചത്.

 

ദുർഗിപള്ളയിൽ തെളിവെടുക്കാനെത്തിയപ്പോൾ ജീപ്പിന്റെ പിറകിലിരുന്ന ഒന്നാം പ്രതിയെ കാണണമെന്ന് നാട്ടുകാർ വിളിച്ചു കൂവി. ജീപ്പിന്റെ പിറകിലെ ഭാഗം കവർ ചെയ്തിരുന്നു. പിന്നീട് മറ്റു പൊലീസുകാർ കയറുന്നതിനായി പിറകിലെ ഷീറ്റ് ഉയർത്തിയപ്പോൾ എല്ലാവരും കണ്ടു. തലക്കുനിച്ചിരുന്നിരിക്കുന്ന വെങ്കിട്ടരമണ വാഹനം പോകുമ്പോൾ എല്ലായിടങ്ങളിലേക്കും നോക്കുകയായിരുന്നു.

 

പ്രതികളെ കയറ്റിയത് വെവ്വേറെ വാഹനങ്ങളിൽ

 

കഴിഞ്ഞ 28നായിരുന്നു ഇരുപ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എ.സതീഷ്കുമാറിന്റെ നേതൃത്വത്തിൽ ആദ്യം ദിവസം പൊലീസ് ആസ്ഥാനത്ത് വച്ച് ചോദ്യം ചെയ്തു വിവരങ്ങൾ ശേഖരിച്ചു. ഇന്നലെ അധ്യാപകന്റെയും വീട്ടിലും മൃതദേഹവുമായി പോയ വഴികളും കടലോരത്തുമെത്തി തെളിവെടുപ്പ് നടത്തി. 

 

പ്രതികളായ രണ്ടു പേരെയും വെവ്വേറെ വാഹനങ്ങളിലാണ് കയറ്റിയത്. കെ.വെങ്കിട്ടരമണയെ ഡിവൈഎസ്പി എ.സതീഷ്കുമാർ സഞ്ചരിച്ച ജീപ്പിലും കെ.നിരഞ്ജൻകുമാറിനെ പൊലീസ് വാനിലുമാണ് കയറ്റിയത്. ഇരുവരെയും ഒരുമിച്ചിരുത്തിയാൽ പ്രതിഷേധം ശക്തമാകുന്നതിനു പുറമെ മൊഴികളിലും വൈരുധ്യം ഉണ്ടാകുമെന്നറിഞ്ഞതോടെയാണ് ഇരു വാഹനങ്ങളിലായി കയറ്റിയത്.