fr-varkey

വിന്‍സെന്‍ഷ്യന്‍ സഭാ സ്ഥാപകന്‍ ഫാദര്‍ വര്‍ക്കി കാട്ടാറത്ത് ഇനി ദൈവദാസന്‍. വര്‍ക്കി കാട്ടാറത്ത് അച്ചന്‍റെ നാമകരണ ചടങ്ങുകള്‍ക്ക് ഇടപ്പള്ളിയിലെ വിന്‍സെന്‍ഷ്യന്‍ സഭാ ആസ്ഥാനത്ത് തുടക്കമായി. നാമകരണ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ഔദ്യോഗികാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 

വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായതോടെയാണ് ഫാദര്‍ വര്‍ക്കി കാട്ടാറത്ത് ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. എറണാകുളം വിന്‍സെന്‍ഷ്യന്‍ സഭാ ജനറലേറ്റില്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നാമകരണ നടപടികള്‍ക്ക് തുടക്കം കുറിച്ചു. എറണാകുളം അങ്കമാലി അതിരൂപ മെത്രാപ്പൊലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് ആന്‍റണി കരിയില്‍, പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത്, സത്ന രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു വാണിയക്കിഴക്കേല്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പൂഞ്ഞാര്‍ സ്വദേശിയായ വര്‍ക്കി കാട്ടാറത്ത് 1874ല്‍ ആണ് വൈദികനായത്. വിവിധ ഇടവകകളിലെ സേവനത്തിന് ശേഷം 1904ല്‍ മറ്റ് മൂന്നു വൈദികര്‍ക്കൊപ്പം വിന്‍സെന്‍ഷ്യന്‍ സഭയ്ക്ക് തുടക്കമിട്ടു. 1934 ഒക്ടോബര്‍ 24ന്് വൈക്കം തോട്ടകത്ത് വച്ച് അദ്ദേഹം അന്തരിച്ചു. താപസതുല്യമായ ആത്മീയ ജീവിതം നയിച്ചിരുന്ന കാട്ടാറത്ത് അച്ചനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തണമെന്ന് വിശ്വാസികളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. സീറോ മലബാര്‍ സഭ സിനഡിന്‍റെയും, എറണാകുളം അങ്കമാലി അതിരൂപതയുടെയും വിന്‍സെന്‍ഷ്യന്‍ സന്യാസ സഭയുടെയും അപേക്ഷകളിലാണ് മാര്‍പാപ്പ, നാമകരണ നടപടികള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കിയത്.