കോതമംഗലം പള്ളിക്കേസിൽ എറണാകുളം ജില്ലാ കലക്ടറെ വിളിച്ചു വരുത്തി ഹൈക്കോടതി ശാസിച്ചു. പള്ളി ഏറ്റെടുത്തു കൈമാറണം എന്ന ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കലക്ടറെ ജയിലിൽ അടക്കുന്നത് അടക്കം മറ്റു മാർഗങ്ങൾ തേടേണ്ടി വരും എന്നു കോടതി മുന്നറിയിപ്പ് നൽകി. കോതമംഗലം പള്ളിക്കേസിൽ ഉത്തരവിട്ടാൽ തന്നെ ജീവനോടെ കത്തിക്കും എന്ന ഭീഷണി സന്ദേശം ലഭിച്ചതായി ജസ്റ്റിസ് പിബി സുരേഷ്കുമാർ കോടതിയിൽ വെളിപ്പെടുത്തി.

 

കോതമംഗലം പള്ളി ഏറ്റെടുത്തു ഓർത്തഡോക്സ്‌ സഭയ്ക്ക് കൈമാറണം എന്ന ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്നാണ് ഹൈക്കോടതി എറണാകുളം ജില്ലാ കലക്ടറെ വിളിച്ചു വരുത്തി ശാസിച്ചത്. ഉത്തരവ് നടപ്പാക്കാതെ കലക്ടർ കോടതിയെ അപമാനിക്കുക ആണെന്ന് ജസ്റ്റിസ് പിബി സുരേഷ് കുമാർ വിമർശിച്ചു. കലക്ടർ കോടതി ഉത്തരവിനെ ഗൗരവത്തോടെ കാണുന്നില്ല. ഇത് രാജ്യത്തിന്റെ നിയമം ആണ്. കോടതിക്ക് ഇക്കാര്യത്തിൽ മറ്റൊന്നും ചെയ്യാനില്ല. ക്രമസമാധാന പ്രശ്നത്തിന്റെ പേരിൽ ഉത്തരവ് നടപ്പാക്കാത്തത് സർക്കാരിന് നാണക്കേടാണ്. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ മറ്റു സേനകളെ ഉപയോഗിക്കുന്നത് അടക്കം ഉള്ള ബദൽ മാർഗങ്ങൾ തേടേണ്ടി വരും എന്ന് കോടതി വ്യക്തമാക്കി. 

 

കോടതി ഉത്തരവ് നടപ്പാക്കാതിരുന്നൽ കളക്ടറെ ജയിലിൽ അടക്കേണ്ടി വരുമെന്നും ജസ്റ്റിസ് പിബി സുരേഷ് കുമാർ ഓർമിപ്പിച്ചു. ഈ കേസിൽ ഉത്തരവിട്ടൽ തന്നെ പച്ചയ്ക്ക് കത്തിക്കും എന്ന് ഭീഷണി കത്ത് ലഭിച്ചതായും ഈ കത്ത് രെജിസ്ടറി മുഖേന പോലീസിന് കൈമാറിയതായും ജസ്റ്റിസ് സുരേഷ് കുമാർ കോടതിയിൽ അറിയിച്ചു. കോതമംഗലം പള്ളി ഏറ്റെടുത്തു നൽകണം എന്ന ഉത്തരവ് നടപ്പാക്കാതെ ഇരുന്നതിനെ തുടർന്നുള്ള കോടതി അലക്ഷ്യ കേസിൽ കലക്ടർ ഇന്ന് ഹാജരാകണം എന്നു നേരത്തെ കോടതി നിർദേശിച്ചിരുന്നു. 

 

ഇന്ന് കേസ് പരിഗണിച്ചപ്പോൾ കലക്ടർ ഹാജരാകാതെ ഇരുന്നത് ശ്രദ്ധയിൽ പെട്ട കോടതി അഞ്ചു മിനിറ്റിനകം ഹാജറാകാൻ കർശന നിർദേശം നൽകുകയായിരുന്നു. ഹാജരായില്ലെങ്കിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കും എന്നും കോടതി മുന്നറിയിപ്പ് നൽകി. ഇതോടെയാണ് കലക്ടർ എസ് സുഹാസ് കോടതിയിൽ എത്തിയത്. അതിനിടെ കോതമംഗലം പള്ളി ഏറ്റെടുക്കണം എന്ന ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ സാങ്കേതിക പിഴവുകൾ ഉള്ളതിനാൽ ഫയലിൽ സ്വീകരിക്കാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. പിഴവുകൾ തിരുത്തി അപ്പീൽ വീണ്ടും സമർപ്പിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി