കെ. കരുണാകരനെന്ന രാഷ്ട്രീയ ഗുരുവിന്‍റെ ഓരം പറ്റിയായിരുന്നു പി. ശങ്കരന്‍റെ ജീവിതം. രാഷ്ട്രീയത്തിലെ വളര്‍ച്ചയ്ക്കും പിന്നീടുണ്ടായ തളര്‍ച്ചയ്ക്കും ഇത് തന്നെയായിരുന്നു കാരണം. പാര്‍ല്ലമെന്‍ററി പദവികള്‍ ഒന്നുമില്ലാതിരുന്ന അവസാന കാലത്തും യുഡിഎഫിന്‍റെ സജീവ പോരാളിയായി കോഴിക്കോടിന്‍റെ ശങ്കരന്‍ വക്കീല്‍ നിറഞ്ഞുനിന്നു.
കെ. കരുണാകരന്‍ ചൂണ്ടിക്കാട്ടിയ വഴിയിലൂടെ നടക്കാനാണ് പി. ശങ്കരന്‍ എന്നും ആഗ്രഹിച്ചത്. കരുണാകരനൊപ്പം ആദ്യം മുതല്‍ അവസാനം വരെ കൂടെ നിന്ന് നേതാക്കളില്‍ ഒരാള്‍. ഐ ഗ്രൂപ്പിന്‍റെ നെടുംതൂണായിരുന്നു ഒരുകാലത്ത്. 2005ല്‍ കെ. കരുണാകരന്‍ കോണ്‍ഗ്രസിനോട് തെറ്റിപ്പിരിഞ്ഞപ്പോള്‍ മന്ത്രിപദം വലിച്ചെറിഞ്ഞു പി. ശങ്കരന്‍. കാലാവധി തികയ്ക്കാതെ നിയമസഭാംഗത്വവും രാജിവച്ച് കരുണാകരനോട് കൂറ് കാട്ടി ഡിഐസിക്കൊപ്പം നിന്നു. 2006ല്‍ കൊയിലാണ്ടിയില്‍ ഡിഐസി സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ കെ. കരുണാകരനൊപ്പം കോണ്‍ഗ്രസിലേയ്ക്ക് മടക്കം. 1947 ഡിസംബര്‍ രണ്ടിന് ജനിച്ച പി. ശങ്കരന്‍ മട്ടന്നൂര്‍ പഴശിരാജ എന്‍എസ്എസ് കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കെ. എസ്. യു യൂണിറ്റ് സെക്രട്ടറിയായാണ് രാഷ്ട്രീയ അരങ്ങേറ്റം കുറിക്കുന്നത്.
1978ല്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്‍റായി. 1980 മുതല്‍ 91 വരെ ഡിസിസി ജനറല്‍ സെക്രട്ടറി. 91ല്‍ ഡിസിസി പ്രസിഡന്‍റായി. 2001ല്‍ മന്ത്രിയായതോടെ ഈ പദവി ഒഴിഞ്ഞു. 91ലെ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ശങ്കരന്‍റെ കന്നിയങ്കം. ബാലുശേരിയില്‍ നിന്ന് തോറ്റു. 96ല്‍ കൊയിലാണ്ടിയിലും തോല്‍വി. 98ലെ ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ എം. പി. വീരേന്ദ്രകുമാറിനെ മലര്‍ത്തിയടിച്ചു. 99ല്‍ ലോക്സഭ പിരിച്ചുവിട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടന്നെങ്കിലും കെ. മുരളീധരനായി മാറികൊടുത്തു. 2001ല്‍ കൊയിലാണ്ടിയില്‍ നിന്ന് വിജയിച്ചാണ് ആന്‍റണി മന്ത്രിസഭയില്‍ ആരോഗ്യ, ടൂറിസം മന്ത്രിയായത്. അവസാന കാലത്തും സജീവ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വം. ഏറ്റവുമൊടുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പോലും അത് പ്രകടമാണ്.