വേനല്‍കടുക്കുന്ന കുംഭമാസത്തില്‍ ഉഷ്ണരോഗശാന്തിക്കായി നടത്തുന്ന ആചാരങ്ങളിലൊന്നാണ് ഊരുചുറ്റു കുംഭകുടം. വറുതിക്കാലത്ത് ഭദ്രകാളി സ്തുതികളോടെ വീടുകൾ കയറിയിറങ്ങിയുള്ള കുംഭകുട എഴുന്നള്ളിപ്പ് നാട്ടില്‍ നിന്ന് അപ്രത്യക്ഷമായി തുടങ്ങി. കോട്ടയം വൈക്കത്ത് മുത്തേടത്ത് കാവില്‍ ഈ ആചാരം അതേ തനിമയോടെ ഇന്നും അവതരിപ്പിച്ച് പോരുന്നു. 

നൂറ്റാണ്ടുകൾക്ക് മുമ്പ് കേരളം വസൂരിയുടെ പിടിയിലായപ്പോൾ ഭദ്രകാളിയെ പ്രീതിപ്പെടുത്തി രോഗശാന്തി ഉണ്ടായെന്ന് വിശ്വാസത്തിന്‍റെ തുടര്‍ച്ചയാണ് ഊരുചുറ്റ് കുംഭക്കുടം. മുത്താരമ്മൻ ദേവീക്ഷേത്രങ്ങളിലും തമിഴ് ആചാരമുള്ള ഭദ്രകാളി ക്ഷേത്രങ്ങളുമുള്ള പ്രദേശങ്ങളിലുമാണ് ഊരുചുറ്റ് കുംഭക്കുടം അരങ്ങേറുന്നത്. 

41 ദിവസത്തെ വൃതമെടുത്ത യുവാക്കൾ ദേവിയെ ആവാഹിച്ച കാപ്പു കെട്ടിയാണ് കുംഭകുടം തലയിലേറ്റുന്നത്. മഞ്ഞളും ചുണ്ണാമ്പും ചേർന്നുള്ള ഗുരുതി നിറച്ച് ആര്യവേപ്പിലയും പൂക്കുലയും പൂക്കളുംവെച്ച കുടമാണ് വീടുകൾ തോറും എഴുന്നള്ളിക്കുക. വസൂരി രോഗത്തെപ്പറ്റിയും കാളി സ്തുതികളുമായ ചെന്തമിഴ് വിൽപ്പാട്ടിന്റെ അകമ്പടിയോടെയാണ് ഊരുചുറ്റൽ. വണികവൈശ്യര്‍ സമുദായക്കാരാണ് കുംഭക്കുടം എഴുന്നള്ളിപ്പ് നടത്തുന്നത്.

വൈക്കം മുത്തേടത്ത്കാവില്‍ ദേവിയെ കുടിയിരുത്തിയത് വണികവൈശ്യരാണെന്നാണ് വിശ്വാസം. തമിഴ് വംശജരായ ഇവരാണ് ചക്കിലാട്ടിയ എണ്ണ കേരളത്തിലെ ക്ഷേത്രങ്ങളില്‍ എത്തിച്ചിരുന്നതെന്നും പറയപ്പെടുന്നു. പത്താംദിവസം ദേവി സന്നിധിയിലെ ഗുരുതിയോടെയാണ് ചടങ്ങുകളുടെ സമാപനം.