modi-karthiyani-amma-chat

‘നോക്കൂ, ഇതെന്ത് അദ്ഭുതകരമായ നിമിഷമാണെന്ന്...’ 98–ാം വയസിൽ 88 മാർക്കോടെ നാലാം ക്ലാസ് പരീക്ഷ പാസായ കാർത്യായനി അമ്മയുടെ വാക്കുകൾ കേട്ട ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകളാണിത്. രാഷ്ട്രപതി റാംനാഥ് കോവിന്ദിൽ നിന്ന് നാരിശക്തി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം നടന്ന സംവാദത്തിലാണ് കാർത്യായനി അമ്മയും മോദിയും പരസ്പരം സംസാരിച്ചത്. അമ്മ മലയാളത്തിൽ മറുപടി പറഞ്ഞപ്പോൾ ഒപ്പമുണ്ടായിരുന്ന അധികൃതരിൽ ഒരാൾ അത് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി.

‘അമ്മ മലയാളത്തിൽ പറഞ്ഞോളൂ, ഞാൻ സാറിന് ഹിന്ദിയിൽ പറഞ്ഞുകൊടുക്കാം..പരിഭാഷപ്പെടുത്താൻ എത്തിയ വ്യക്തിയുടെ ഇൗ വാക്കുകൾ കേട്ടതും കാർത്യായനി അമ്മ കാര്യങ്ങൾ പറഞ്ഞു തുടങ്ങി. പ്രായം തളർത്താത്ത ഓർമകൾ കേട്ട് നരേന്ദ്രമോദി അമ്പരപ്പോടെ ആ വാക്കുകൾക്ക് ചെവി കൊടുത്തു.

‘എന്റെ പേര് കാർത്യായനി അമ്മ എനിക്ക് 98 വയസായി. ഇപ്പോൾ 88 മാർക്കോടെ നാലാം ക്ലാസ് പാസായി. 100 മാർക്ക് വാങ്ങണം എന്നായിരുന്നു മോഹം. പക്ഷേ 88 മാത്രമേ കിട്ടയോളൂ. പത്തുവരെ പഠിക്കണം എന്നാണ് മോഹം. പറ്റുമോ എന്ന് അറിയില്ല. കംപ്യൂട്ടർ പഠിച്ചിട്ടുണ്ടോ എന്നായിരുന്നു നിറഞ്ഞ ചിരിയോടെ മോദിയുടെ ചോദ്യം. പിന്നെ കുറച്ചേ.. ഇപ്പോൾ പഠിക്കുന്നുണ്ട്. എല്ലാമൊന്നും അറിയാൻ വയ്യ. പിന്നെ കൊച്ചുങ്ങൾ വന്നിരുന്ന് പഠിപ്പിക്കുമെന്നും അമ്മയുടെ മറുപടി. 

ഭഗീരഥി അമ്മയെ പഠിക്കാൻ തയാറായെന്ന് കേൾക്കുന്നത് ശരിയാണോ എന്ന് മോദിയുടെ അടുത്ത ചോദ്യം. ആ ഉണ്ട്.. ഉണ്ട്. കാലത്തും വൈകിട്ടും പഠിപ്പിക്കുന്നുണ്ട്. അമ്മയ്ക്കൊപ്പം കുഞ്ഞുങ്ങളും പഠിക്കാൻ വരുന്നുണ്ടോ എന്നായിരുന്നു മോദിയുടെ അവസാന ചോദ്യം. നിറഞ്ഞ ചിരിയോടെ അതേ എന്ന് അമ്മയുടെ മറുപടി.