കോവിഡ് ബാധയുമായി ബന്ധപ്പെടുത്തി തന്റെ പേരില്‍ വാട്സാപ്പില്‍ വ്യാജസന്ദേശം ഇറക്കിയവരെ കണ്ടുപിടിക്കാനുറച്ച് എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ലാല്‍ജി. പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയിലുള്ള തന്റെ പദവി ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണ് മറ്റാരോ നടത്തുന്നത്. രണ്ടുദിവസമായി ഒട്ടേറെ പേരാണ് വിദേശത്ത് നിന്നടക്കം ആശങ്കയോടെ വിളിക്കുന്നതെന്നും  ലാല്‍ജി പറയുന്നു. 

പേരും തസ്തികയും പറഞ്ഞാല്‍ അറിയാത്തവരുണ്ടാകില്ല ഇപ്പോള്‍. കാരണം ബാങ്ക് തട്ടിപ്പ് മുതല്‍ കോവിഡ് പ്രതിരോധം വരെയുള്ളതില്‍ മുന്നറിയിപ്പെന്ന മട്ടില്‍ വ്യാജ സന്ദേശങ്ങള്‍ ഏറ്റവുമധികം വാട്സാപ്പില്‍ പ്രചരിക്കുന്നത് ഇദ്ദേഹത്തിന്റെ പേരിലാണ്. ആളെ നേരിട്ട് അറിയാത്തവര്‍ക്കായാണ് പരിചയപ്പെടുത്തുന്നത്. 

കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ കൊല്ലത്ത് മാഫിയയിറങ്ങി, ചില നമ്പറുകളില്‍ നിന്നുള്ള കോളെടുത്താല്‍ ഫോണ്‍ പൊട്ടിത്തെറിക്കും എന്നിങ്ങനെ വാട്സാപ്പില്‍ പണ്ടേ പ്രചരിച്ചതെല്ലാം ഇപ്പോ‍ള്‍ വീണ്ടുമിറങ്ങുന്നത് ഇദ്ദേഹത്തിന്റെ പേരിലാണ്. അര്‍ജന്റ് അറ്റന്‍ഷന്‍ എന്നു തുടങ്ങുന്ന ഈ അടിക്കുറിപ്പാണ് എല്ലാത്തിന്റെയും ഒപ്പമുണ്ടാകുക. ഓഡിയോയുടെ ഉള്ളടക്കം മാറിവരുമ്പോഴും ഇത് മാറുന്നില്ല. എന്തുകൊണ്ട് എല്ലാത്തിലും ഈയൊരു അസിസ്റ്റന്റ് കമ്മിഷണര്‍ തന്നെ. 

മുന്‍പൊരിക്കല്‍ കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഗൗരവമായി കരുതിയില്ല. ഇത്തവണ പക്ഷെ കോവിഡ് ബാധയുടെ പേരു പറഞ്ഞുള്ള പേടിപ്പിക്കുന്ന സന്ദേശം അങ്ങനെ അവഗണിക്കാന്‍ കഴിയുന്നതല്ല. അതുകൊണ്ട് തന്നെ സൈബര്‍ സെല്‍ മുഖേന വാട്സാപ്പിനെ ബന്ധപ്പെട്ട് ഉറവിടം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്.