ലോക് ഡൗൺ പ്രതിസന്ധിക്കിടെ ഇരുട്ടടിയായി സിമന്‍റ് വില വർധന. ഒരു ചാക്ക് സിമന്‍റിന്‍റെ വില 50 രൂപ വരെ വിവിധ കമ്പനികൾ കൂട്ടിയത്. സർക്കാരുമായി നേരത്തെയുണ്ടായ ധാരണയ്ക്ക് വിരുദ്ധമാണ് കമ്പനികളുടെ നടപടിയെന്ന് വ്യാപാരികൾ ആരോപിച്ചു.

 

ലോക്ഡൗണിൽ സ്തംഭിച്ച നിർമാണ മേഖലയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന നടപടിയാണ് സിമൻ്റ് കമ്പനികളുടേത്. 30 രൂപ മുതൽ 50 രൂപ വരെ വിവിധ കമ്പനികൾ വർധിപ്പിച്ചു. ഇതോടെ ഒരു ചാക്ക് സിമൻ്റിൻ്റെ ചില്ലറ വിപണി വില 425 രൂപ വരെയായി. പലയിടത്തും വാങ്ങി വച്ച സിമൻ്റ് കട്ടയായി പോയതിനാൽ ലോക് ഡൗണിൽ ഇളവു ലഭിക്കുമ്പോൾ ഉയർന്ന വില നൽകി വീണ്ടും വാങ്ങേണ്ടി വരും. സിമൻ്റ് വ്യാപാരികൾക്കും വില വർധന തിരിച്ചടിയാണ്.

 

നേരത്തെ വ്യാപാരികൾക്ക് നൽകിയിരുന്ന ബിൽ ഡിസ്കൗണ്ട്‌ സംവിധാനം പൂർണമായി അവസാനിപ്പിച്ചതാണ് ഇപ്പോൾ വില വർധനയിലേക്ക് നയിച്ചത്. പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം എന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. വില കുറച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.