ആളൊഴിഞ്ഞ മൂന്നാറിന്റെ തെരുവുകള്‍ കീഴടക്കി പടയപ്പ. നാട്ടുകാര്‍ പടയപ്പടെന്നു വിളിക്കുന്ന കാട്ടുകൊമ്പന്‍ ഇപ്പോള്‍ ലോക്ക് ഡൗണില്ലാതെ വിലസുകയാണ്. പടക്കമെറിഞ്ഞ് കാട്ടിലേയ്ക്ക് അയക്കാന്‍ ശ്രമിച്ചിട്ടും നാടുവിടാന്‍ കാട്ടാന തയ്യാറല്ല.
കഴിഞ്ഞ രണ്ടാഴ്ചയായി മൂന്നാര്‍ ടൗണിലും സമീപപ്രദേശങ്ങളിലും കറങ്ങുന്ന കാട്ടുകൊമ്പന്‍ മൂന്നാറിന്റെ നഗരവീഥിയും കൈയ്യടക്കി. ആളുകള്‍ ബഹളമുണ്ടാക്കിയിട്ടും അവൻ അരെയും കണ്ട ഭാവം നടിച്ചില്ല. അല്ലേങ്കിലും കാടിറങ്ങുന്ന കൊമ്പന്‍ പടയപ്പയാണെങ്കില്‍ ജനങ്ങള്‍ക്ക് ഭയമില്ല. പടയപ്പയുടെ ശാന്തസ്വഭാവം തന്നെയാണ് അതിനു കാരണം. നല്ലതണ്ണി മലയിറങ്ങി നാട്ടിലെത്തിയ പടയപ്പ എം.ജി റോഡിലേക്ക് പ്രവേശിക്കുവാന്‍ തുടങ്ങിയെങ്കിലും പ്രദേശത്തെ വീടുകളിലുള്ളവര്‍ പുറത്തിറങ്ങിയതോടെ ആ വഴിയിലൂടെയുള്ള നടത്തം വേണ്ടെന്നു വച്ചു.
മൂന്നാര്‍ ടൗണിലെത്തിയതോടെ വനംവകുപ്പ് പടക്കമെറിഞ്ഞ് കാടുകയറ്റാന്‍ ശ്രമിച്ചു, എന്നാല്‍ ശാന്തനായി പ്രധാന പാതയിലൂടെ സഞ്ചരിച്ച് എത്തിയത് പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും ഓഫീസില്‍. പടക്കം പൊട്ടിച്ചും, പുലിയുടെ ശബ്ദം കേൾപ്പിച്ചും പടയപ്പയെ തുരത്താനുള്ള ശ്രമവും പരാജയപ്പെട്ടു.നാടിന്റെ തിരക്കൊഴിഞ്ഞ് നാട്ടുകാര്‍ വീട്ടിലിരിക്കുമ്പോള്‍ പടയപ്പയുള്‍പ്പടെയുള്ള വന്യജീവികള്‍ നാട്ടിലിറങ്ങി ലോക്ക്ഡൗണ്‍ ദിവസങ്ങള്‍ ആസ്വദിക്കുകയാണ്.