ഹൈക്കമാൻഡിന് സമർപ്പിച്ച കെപിസിസി സെക്രട്ടറിമാരുടെ പട്ടികയ്ക്കെതിരെ പരാതിയുമായി ഒരു വിഭാഗം. 85 പേരടങ്ങുന്ന പട്ടികയിൽ അനർഹർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ആക്ഷപം. അതേ സമയം പട്ടികയ്ക്ക് ഉടൻ അംഗീകാരമാകുമെന്നാണ് സൂചന.
പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് നാലു മാസം പിന്നിടുമ്പോഴാണ് സെക്രട്ടറിമാരുടെ പട്ടിക ഹൈക്കമാൻഡിന് നൽകുന്നത്.. 85 പേരടങ്ങുന്ന പട്ടികയിൽ എ ഐ ഗ്രൂപ്പുകളിൽ നിന്ന് 25 പേർ വീതം ഉണ്ട്. ഒരു യോഗ്യതയും ഇല്ലാത്തവരെപ്പോലും ചില നേതാക്കളുടെ നോമിനികളായി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ഒരു വിഭാഗത്തിന്റ ആക്ഷേപം. കെ പി സി സി പ്രസിഡന്റിനും വൈസ് പ്രസിഡന്റ് ശൂരനാട രാജശേഖരനുമെതിരെ നഗരത്തിൽ ചിലർ പോസ്റ്റർ പതിച്ചതും ഇതിന്റ ഭാഗമാണ്.
വിജയൻ തോമസ് അടക്കം മൂന്നു പേരെ കൂടി ജനറൽ സെക്രട്ടറി മാരാക്കാനുള്ള ശുപാർശയും ഹൈക്കമാൻഡിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. ഇതിനിടെ പുതിയ ജനറൽ സെകട്ടറി മാരെ നിയമിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ചുമതല വിഭജിച്ച് നൽകാഞ്ഞതിലും എതിർപ്പ് ശക്തമാണ് . നേരത്തെ പ്രസിഡന്റ് തയാറാക്കിയ പട്ടിക എഐ ഗ്രൂപ്പുകളുടെ എതിർപ്പ് കാരണം പിൻവലിച്ചിരുന്നു .തുടർന്ന് ചുമതല നൽകേണ്ടവരുടെ പട്ടിക ഇരു ഗ്രൂപ്പുകളും നേതൃത്വത്തിന് കൈമാറിയെങ്കിലും അന്തിമ ധാരണയിൽ എത്താനായിട്ടില്ല.