മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും വിമർശിച്ചതിന്റെ പേരിൽ പൊലീസ് കേസെടുത്ത അഭിഭാഷക പ്രതികരണവുമായി രംഗത്ത്. കേസ് എടുത്താൽ തിരിഞ്ഞോടാൻ ഉദ്ദേശിച്ചിട്ടില്ല. ശരിയല്ല എന്നു തോന്നിയാല്‍ ഇനിയും വിമർശിക്കുമെന്നും മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും അഭിഭാഷകയുമായ അഡ്വ. വീണ എസ്.നായര്‍ ഫെയ്സ്ബുക്ക് ലൈവിൽ വ്യക്തമാക്കി. ഇതിന് പിന്നാലെ ബെവ് ക്യൂ ആപ്പ് വിവാദത്തിലും വീണ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കിട്ടു. 

സർക്കാരിന്റെ ധൂർത്തിനെതിരെ പറഞ്ഞതിനാണ് കേസെടുത്തെതന്ന് വീണ ആരോപിക്കുന്നു. ആറുകോടി രൂപയാണ് പിആർ വർക്കിനായി സർക്കാർ ചെലവഴിക്കുന്നത്. ഇത്തരം കാര്യങ്ങളെ കുറിച്ച് ഫെയ്സ്ബുക്കിൽ വിമർശിച്ചിരുന്നു. ഇത്തരം പോസ്റ്റുകളാണ് കേസെടുക്കാൻ കാരണം. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടന അനുശാസിക്കുന്നതാണെന്നും ഇത് ജനാധിപത്യരാജ്യമാണെന്ന് ഓര്‍ക്കണമെന്നും വീണ നായര്‍ പറയുന്നു.  

മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ വീണയ്‌ക്കെതിരെ കേസെടുത്ത നടപടി ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു ഡോ.ശശി തരൂര്‍ എം പി പ്രതികരിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണിതെന്നും കേസ് പിന്‍വലിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിഡിയോ കാണാം.