ഒാൺലൈൻ ക്ലാസുകൾ കാണാൻ അവസരം ലഭിക്കാത്തതിൽ മനംനൊന്ത്ആത്മഹത്യ ചെയ്ത 10 ക്ലാസുകാരി ദേവികയെക്കുറിച്ചുള്ള കുറിപ്പ് നൊമ്പരമാകുന്നു. ദേവികയുടെ മരണം വിങ്ങലായി അവശേഷിക്കുമ്പോൾ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. ആസാദ്. ഫെയ്സ്ബുക്കിലൂടെയാണ് ഡോ. ആസാദിന്റെ കുറിപ്പ്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;
ദേവികയ്ക്കും ശ്വാസം മുട്ടിയിരുന്നു. ഏതധികാരത്തിന്റെ മുട്ടുകാലാണ് ആ കുഞ്ഞിന്റെ തൊണ്ടയിലമര്‍ന്നത്? അങ്ങനെയൊരു അതിക്രമത്തിന്റെ ചിത്രമോ വാര്‍ത്തയോ ലഭ്യമല്ല. പക്ഷെ ആ കുട്ടിയ്ക്കു ശ്വാസം മുട്ടിയിരുന്നു. വിങ്ങിപ്പൊട്ടിയിരുന്നു. തന്റേതല്ലാത്ത കാരണത്താല്‍ അകറ്റി നിര്‍ത്തപ്പെട്ടവള്‍ എന്നു തോന്നിയിരുന്നു. നീതി നിഷേധിക്കപ്പെട്ടുവെന്ന് പൊള്ളിയിരുന്നു.
വളാഞ്ചേരിക്കടുത്ത് ഇരിമ്പിളിയത്ത് ഇന്നലെയാണ് ദേവിക എന്ന പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തത്. ഓണ്‍ലൈന്‍ ക്ലാസിലിരിക്കാന്‍ ടി വിയോ സ്മാര്‍ട് ഫോണോ ഇല്ല എന്ന ദുഖമാണ് കാരണമെന്ന് രക്ഷിതാക്കള്‍ പറഞ്ഞതായി വാര്‍ത്ത കാണുന്നു. എങ്കിലവള്‍ അവസാനം ഉച്ചരിച്ചത് എനിക്കു ശ്വാസം മുട്ടുന്നു എന്നുതന്നെയാവണം.
ഏറ്റവും പിറകില്‍ നില്‍ക്കുന്നവരില്‍നിന്ന്, അവസരങ്ങള്‍ നിഷേധിക്കപ്പെട്ടവരില്‍നിന്ന് തുടങ്ങണമെന്ന് ഇനിയും നാം പഠിച്ചിട്ടില്ല. കൊഴിഞ്ഞുപോക്കല്ല കൊഴിച്ചുകളയലാണ് നടക്കുന്നത്. താങ്ങാന്‍ നാട്ടു സംവിധാനങ്ങളോ സ്കൂള്‍ സമിതികളോ ഉണ്ടായില്ല. അവര്‍ ആരുടെയും ശ്രദ്ധയിലെത്തുന്നില്ല.
ദേവികയുടേത് അങ്ങനെയൊരു ആത്മഹത്യയാണെങ്കില്‍ ശിരസ്സു കുനിച്ചു മുട്ടുകുത്തി മാപ്പുചോദിക്കണം അധികാരികള്‍. അതൊരു കൊലപാതകമായിരുന്നുവെന്ന് നടുക്കത്തോടെ ഏറ്റെടുക്കണം. തിരുത്തണം തെറ്റുകള്‍. ഏറ്റവുംഅവസാനത്തെ വിദ്യാര്‍ത്ഥിയെയും പങ്കാളിയാക്കുംവരെ ഓണ്‍ലൈന്‍ പാഠങ്ങള്‍ മാറ്റിവെയ്ക്കണം. ഇടത്തട്ടു മേല്‍ത്തട്ടു വ്യവഹാരമായി പൊതു വിദ്യാഭ്യാസം പരിമിതപ്പെടരുത്.
തീര്‍ച്ചയായും അന്വേഷണം വേണം. കേരളത്തിന്റെ ഉണര്‍വ്വും ശ്രദ്ധയുമുണ്ടാവണം. ദേവികയുടെ പാഠം വിദ്യാഭ്യാസ വകുപ്പു പഠിക്കണം.
ആസാദ് 02 ജൂണ്‍ 2020.